ബുൾഡോസർ രാജ്: തെരുവിൽ കഴിയുന്ന വകീൽ ഹസനെ ലീഗ് പ്രതിനിധി സംഘം സന്ദർശിച്ചു
text_fieldsന്യൂഡൽഹി: ബുൾഡോസർ രാജിന് ഇരയായി ഡൽഹി ഖജൂരി ഖാസിലെ തെരുവിൽ കഴിയുന്ന വകീൽ ഹസനെയും കുടുംബത്തെയും മുസ്‌ലിം ലീഗ് പ്രതിനിധി സംഘം സന്ദർശിച്ചു. ഉത്തരാഖണ്ഡ് സിൽക്യാര ഖനി ദുരന്തത്തിൽപെട്ടവരെ രക്ഷിക്കാൻ നേതൃത്വം നൽകിയ റാറ്റ് മൈനേഴ്സ് സംഘത്തിലെ പ്രധാന അംഗമായിരുന്നു വകീൽ ഹസൻ.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ. ഷാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ഡൽഹി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് ശഹസാദ് അബ്ബാസി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ഹസന്‍റെ വീട്ടിലെത്തിയത്. രാജ്യത്തിനു വേണ്ടി വലിയ ഒരു ദൗത്യം നിർവഹിച്ചതിന്റെ അഭിമാനം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ആളാണ് താനെന്നും അതിന് ലഭിച്ച പ്രതിഫലം കാണൂ എന്നും വകീൽ ഹസൻ ലീഗ് പ്രതിനിധി സംഘത്തോട് പറഞ്ഞു. 41 പേരെയാണ് അന്ന് ഞങ്ങൾ രക്ഷിച്ചത്. അത്രയും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കാരണമായതിന്‍റെ അഭിമാനം ഇപ്പോഴുമുണ്ട്.
ലോകം മുഴുവൻ ഞങ്ങളെ അംഗീകരിച്ചു, ഞങ്ങൾക്കു വേണ്ടി പ്രാർഥിച്ചു. ഒരു പ്രതിഫലവും ആഗ്രഹിച്ചില്ല. പക്ഷേ ഇങ്ങനെയൊരു ഗതി വരും എന്ന് പ്രതീക്ഷിച്ചില്ല. ക്രൂരമായ അനുഭവമാണിത്. ഒറ്റ മണിക്കൂർ കൊണ്ടാണ് എന്നെയും ഭാര്യയെയും മൂന്ന് മക്കളെയും അവർ തെരുവിലേക്കെറിഞ്ഞത്. പത്താം ക്ലാസ് പരീക്ഷക്ക് തയാറെടുക്കുന്ന മകൾ അലീസയുടെ പുസ്തകങ്ങൾ പോലും എടുക്കാൻ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ വകീൽ ഹസനുമായി ഫോണിൽ സംസാരിച്ചു. എല്ലാ പിന്തുണയും നേതാക്കൾ ഉറപ്പ് നൽകി. ഡൽഹി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വസീം അക്രം, ഭാരവാഹികളായ അഖിൽ ഖാൻ, മാസ്റ്റർ യുസുഫ്, സർഫറാസ് ഹസ്മി, യൂനുസ് അലി എന്നിവരും പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.