അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന് 'ഫാൻസ്'; പരിഗണിക്കാനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്‍റെ (എൻ.സി.ഇ.ആർ.ടി) പരിഗണനക്ക് വിട്ട് കേന്ദ്ര സർക്കാർ. യു.പിയിലെ ഖൊരക്പൂർ കേന്ദ്രീകരിച്ചുള്ള 'അമിത് ഷാ യൂത്ത് ബ്രിഗേഡ്' എന്ന സംഘടന ഉയർത്തിയ ആവശ്യമാണ് കേന്ദ്രം എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടിരിക്കുന്നത്. അമിത് ഷായുടെ വ്യക്തിജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെന്നാണ് 'അമിത് ഷാ യൂത്ത് ബ്രിഗേഡി'ന്‍റെ ആവശ്യം.
അമിത് ഷാ യൂത്ത് ബ്രിഗേഡിന്‍റെ അധ്യക്ഷൻ എസ്.കെ. ശുക്ലയാണ് ഇത്തരമൊരു ആവശ്യവുമായി ഡിപാർട്മെന്‍റ് ഓഫ് സ്കൂൾ എജ്യുക്കേഷനിൽ കത്ത് നൽകിയത്. ഇത് കഴിഞ്ഞയാഴ്ചയാണ് എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടതെന്ന് 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു.
ആവശ്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകിയിരുന്നെന്ന് എസ്.കെ. ശുക്ല പറഞ്ഞു. ഡിസംബർ 18നാണ് ആവശ്യവുമായി കത്ത് നൽകിയതെന്നും ശുക്ല പറഞ്ഞു.
അതേസമയം, കത്ത് എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടത് ഒരു നിർദേശമല്ലെന്നും നടപടിക്രമം മാത്രമാണെന്നും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതികരിച്ചു. 'മന്ത്രാലയത്തിന് പലയിടങ്ങളിൽ നിന്നായി പലതരം കത്തുകൾ ലഭിക്കാറുണ്ട്. എൻ.സി.ഇ.ആർ.ടി ഒരു സ്വയംഭരണ സ്ഥാപനമാണ്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. കത്ത് പരിഗണനക്കായി അയക്കുകയെന്ന നടപടിക്രമം മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തിട്ടുള്ളത്' -ഉദ്യോഗസ്ഥൻ പറഞ്ഞു.
പാഠ്യപദ്ധതിക്ക് പുറത്തുള്ള നിരവധി വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് സ്കൂൾ കുട്ടികളുടെ അധികവായനക്കായി നൽകാറുണ്ടെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പലതരം വിഷയങ്ങളിൽ ഇങ്ങനെ പുസ്തകം ഇറക്കാറുണ്ട്. പ്രശസ്തരായ വ്യക്തികളുടെ ജീവിതവും ഇത്തരത്തിൽ പുസ്തകമാക്കാറുണ്ട്. എന്നാൽ, ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന ഒരാളുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികവായനക്കായുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദഗ്ധരാണ് തീരുമാനമെടുക്കാറ്. അമിത് ഷായെ കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വിദഗ്ധരാണ് പരിഗണിക്കേണ്ടത്. അവരുടെ തീരുമാനം എന്താകുമെന്ന് നോക്കാമെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ആവശ്യമുന്നയിച്ച് കത്ത് നൽകിയ എസ്.കെ. ശുക്ല നേരത്തെ അമിത് ഷായുടെ ജീവിതത്തെ ആസ്പദമാക്കി പുസ്തകമെഴുതിയിട്ടുണ്ട്. 'മൻസ നഗർ സേ സൻസദ് തക്' എന്നാണ് പുസ്തകത്തിന്‍റെ പേര്. അമിത് ഷാ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ച് കുറഞ്ഞയാളുകൾ മാത്രമേ അറിയുന്നുള്ളൂവെന്ന് ശുക്ല പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച് വിദ്യാർഥികൾക്ക് നൽകിയാൽ കൂടുതൽ യുവാക്കൾക്ക് ഷായുടെ ജീവിതത്തെ കുറിച്ച് അറിയാൻ സാധിക്കും. ത്യാഗനിർഭരമാണ് അമിത് ഷായുടെ ജീവിതം. സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം എല്ലാ സുഖസൗകര്യങ്ങളും ത്യജിക്കുകയായിരുന്നു. വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ബി.ജെ.പിയെ ലോകത്തിലെ തന്നെ വലിയ രാഷ്ട്രീയ പാർട്ടിയായി വളർത്തിയത് ഷായാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കുന്നതിലും അഴിമതി ഇല്ലാതാക്കുന്നതിലും നിയമവ്യവസ്ഥ ശക്തമാക്കുന്നതിലും ഭീകരവാദം ഇല്ലാതാക്കുന്നതിലും അമിത് ഷാ വലിയ പങ്കുവഹിച്ചു -ശുക്ല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.