പഠനമാണോ മതാചാരങ്ങൾ പിന്തുടരുന്നതാണോ പ്രധാനം? - വിദ്യാർഥിനികളോട് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിച്ച 24 വിദ്യാർഥിനികളെ സസ്പെന്‍ഡ് ചെയ്ത നടപടിയിൽ വിശദീകരണവുമായി ബി.ജെ.പി എ.എൽ.എ സഞ്ജീവ് മദന്‍ന്തൂർ. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് സഞ്ജീവ് പറഞ്ഞു.
ഹിജാബിന്റെ പേരിൽ വർഗീയ സംഘടനകൾ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയാണെന്നും പഠനമാണോ മതപരമായ ആചാരങ്ങൾ പിന്തുടരുന്നതാണോ പ്രധാനമെന്ന് വിദ്യാർഥികൾ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഡിഗ്രി കോളജിൽ 24 വിദ്യാർഥികളെ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
വിദ്യാർഥികൾ മതപരമായ ആചാരങ്ങൾ പിന്തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ കോളജിൽ നിന്ന് പോകുന്നതാണ് നല്ലതെന്ന് സഞ്ജീവ് പറഞ്ഞു. വിദ്യാർഥികളുടെ നിരുത്തരവാദപരമായ പെരുമാറ്റം ഞങ്ങൾ സഹിക്കില്ല. ഓരോ സർക്കാർ കോളജുകളും എല്ലാ മതവിഭാഗങ്ങളിലുമുള്ള വിദ്യാർഥികൾക്കും ഒരുപോലെ വിദ്യ അഭ്യസിക്കാനുളളതാണ്. അതിനാൽ ഹൈക്കോടതിയുടെ ഉത്തരവ് കർശനമായി നടപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ 2022 ജനുവരിയിൽ കർണാടക ഉഡുപ്പിയിലെ പ്രീ യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് മുസ്‍ലിം പെൺകുട്ടികളെ യൂനിഫോം ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ക്ലാസിൽ കയറുന്നത് തടഞ്ഞിരുന്നു. ഇത് സംസ്ഥാനത്ത് ഹിജാബ് വിവാദത്തിനും ചർച്ചകൾക്കും കാരണമായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശനമായി യൂനിഫോം ചട്ടം പാലിക്കണമെന്നും ഹിജാബ് ധരിച്ചെത്തുന്ന മുസ്‍ലിം പെൺകുട്ടികൾക്ക് ഒരു ഇളവും നൽകേണ്ടതില്ലെന്നുമാണ് കർണാടക സർക്കാർ അന്ന് വിഷയത്തോട് പ്രതികരിച്ചത്. സ്കൂൾ യൂനിഫോം ചട്ടം ഭരണഘടനാപരമായി അനുവദനീയമാണെന്നും വിദ്യാർഥികൾക്ക് ഇത് എതിർക്കാൻ കഴിയില്ലെന്നുമാണ് ഹൈകോടതി അന്ന് വിഷയത്തോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.