ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം; 20 സൈനികര്‍ക്ക് വീരമൃത്യു
text_fieldsന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ചോരപ്പുഴ. കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇരു സേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. തിങ്കളാഴ്ച രാത്രിയാണ് കേണലും രണ്ട് സൈനികരും മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് 17പേർ അതിർത്തിയിലെ കൊടുംതണുപ്പ് മൂലമാണ് മരിച്ചതെന്നും കരസേന വാർത്തക്കുറിപ്പിൽ അറിയിച്ചു.
മരണസംഖ്യ ഉയർന്നേക്കാമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈനികരെ കാണാതായതായും വാർത്തകളുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ 43 ചൈനീസ് സൈനികർക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് ചൈന ഒൗദ്യോഗികമായി സ്ഥിരീകരിച്ചില്ല. ഇരു വിഭാഗവും തമ്മിൽ മണിക്കൂറുകൾ നീണ്ട ഏറ്റമുട്ടലാണ് ഉണ്ടായതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൽവാനിൽ ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്.
വടിയും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാൽ, പരസ്പരം വെടിവെപ്പുണ്ടായിട്ടില്ലെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസം ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യയുടെ 80 കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈയേറിയിരുന്നു. ഈ ഭാഗത്തുനിന്ന് ഇരു സൈന്യങ്ങളും പിന്മാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം.
കല്ലുകളും വടികളും ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചത്. ആളപായമുണ്ടായതോടെ ഇരു സൈനികരും രാത്രി സ്വയം പിന്മാറി. ഇരു സൈന്യങ്ങളുടേയും മേജർ ജനറൽ തല ചർച്ചയും സംഘർഷസ്ഥലത്ത് നടന്നു. പ്രതിരോധ സേന മേധാവി ജനറൽ ബിപിൻ റാവത്തും മറ്റ് സൈനിക മേധാവികളുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിഷയം ചർച്ച ചെയ്തു.
തെലങ്കാന സൂര്യപേട്ട് സ്വദേശി ബി. സന്തോഷ് ബാബു ആണ് മരിച്ച കേണൽ. 1975നു ശേഷം ഇതാദ്യമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ കൊല്ലപ്പെടുന്നത്. 1975ൽ അരുണാചൽപ്രദേശിലെ തുലുങ് ലായിൽ പട്രോളിങ് നടത്തുകയായിരുന്ന അസം റൈഫിൾസിലെ നാല് ഭടന്മാർ ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് അവസാന സംഭവം.
‘ചൈനയുടേത് ഏകപക്ഷീയവും അക്രമാസക്തവുമായ നീക്കം’
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ചയിലൂടെ സമാധാന നീക്കങ്ങള്‍ സുഗമമായി മുന്നോട്ടുപോകുന്നതിനിടയില്‍ ഗല്‍വാന്‍ താഴ്വരയില് ചൈന സമവായം ലംഘിച്ചതാണ് പ്രശ്നമെന്ന് കേന്ദ്ര വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാന്‍ ചൈനയുടെ ഭാഗത്തുനിന്ന് തിങ്കളാഴ്ച രാത്രി ഏകപക്ഷീയവും അക്രമാസക്തവുമായ ശ്രമമുണ്ടായെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.
ഇരുഭാഗത്തും ആളപായങ്ങളുണ്ടായി. ഉന്നത തലത്തിലെ ഉടമ്പടി ചൈന അക്ഷരം പ്രതി പിന്തുടര്ന്നിരുന്നുവെങ്കില് ഇതൊഴിവാക്കാമായിരുന്നു. അതിര്‍ത്തിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ ഭൂപ്രദേശത്താണ് തങ്ങള്‍ നടത്തുന്നത്. ചൈനയും അതുപോലെ നടത്തണം.
അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന വിശ്വാസത്തോടൊപ്പം ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പരമാധികാരവും അഖണ്ഡതയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ സൈനിക നയതന്ത്ര തലങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച തുടരുകയാണെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി.
വസ്തുതകൾ പുറത്തുവിടാതെ ചൈന
ചൈനീസ് സൈനികര്‍ക്ക് ആളപായം സംഭവിച്ചെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചെങ്കിലും എത്ര പേര്‍ക്കെന്ന് വ്യക്തമാക്കിയില്ല. ചൈനയാകട്ടെ തങ്ങളുടെ ഭാഗത്തുനിന്നുള്ള വിവരങ്ങളും പുറത്തുവിട്ടില്ല. ഇന്ത്യന്‍ സൈനികരെ ചൈനീസ് സേന അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ സൈന്യം ആദ്യം ഇറക്കിയ പ്രസ്താവന ഭേദഗതി വരുത്തിയാണ് ഇരുഭാഗത്തും ആളപായമുണ്ടായെന്ന് അറിയിച്ചത്. ഗല്‍വാനിൽ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ചൈനയുടെ ഒൗദ്യോഗിക ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്ലോബല്‍ ടൈംസ്’. പത്രത്തിെൻറ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ വാങ് വെന്‍വെന്‍ ആണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. എന്നാല്‍, കൃത്യമായ ആളപായം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നും പത്രം ട്വീറ്റ് ചെയ്തു.
ചൈനീസ് പക്ഷത്ത് അപായം സംഭവിച്ചെന്ന് ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു ഷിന്നും ട്വീറ്റ് ചെയ്തു. ഇന്ത്യ അഹങ്കാരം കാണിക്കേണ്ടെന്നും ചൈനയുടെ സംയമനം ദൗര്‍ബല്യമായി കാണേണ്ടെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേന അതിർത്തി ലംഘിച്ചു -ചൈന
ബെയ്ജിങ്: ജൂൺ 15ന് ഇന്ത്യൻ സേന രണ്ടു തവണ അതിർത്തി ലംഘിച്ച് പ്രകോപനമുണ്ടാക്കുകയും ചൈനീസ് ഭടന്മാരെ ആക്രമിക്കുകയും ചെയ്തെന്ന് ചൈന ആരോപിച്ചു. ഇതാണ് പരസ്പര ആക്രമണത്തിലേക്ക് നയിച്ചതെന്നും ചൈന പറഞ്ഞു. ഗൽവാൻ താഴ്വരയിലെ സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്കിടെയാണ് സംഭവം.
മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഇക്കാര്യം അറിയില്ല’ എന്നാണ് ചൈനയുെട വിദേശമന്ത്രാലയ വക്താവ് സോ ലിജിയാൻ പറഞ്ഞത്. പരസ്പര ധാരണയിലുണ്ടാക്കിയ തീരുമാനങ്ങൾ പാലിക്കണമെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. സൈനികരെ നിയന്ത്രിക്കണം. അതിർത്തി കടക്കരുത്. ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് സ്ഥിതിഗതികൾ വഷളാക്കരുത്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനും സമാധാനം നിലനിർത്താനും ഇരുപക്ഷവും തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.