ഡൽഹിയിൽ വൻ തീപിടിത്തം; 43 മരണം
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ജനവാസമേഖലയിലെ ബാഗ് നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 43 തൊഴിലാളികൾ മരിച്ചു. ബാഗുകളും ഡയറികളും നിർമിക്കുന്ന പഴയ ഡൽഹിയിലെ അനാജ് മണ്ഡിയിൽ ഝാൻസി റാണി റോഡിലാണ് ഞായറാഴ്ച പുലർച്ച 4.35ന് തീപിടിത്തമുണ്ടായത്. ജോലി കഴിഞ്ഞ് പണിശാലയിൽതന്നെ ഉറങ്ങുകയായിരുന്ന ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നുമുള്ള തൊഴിലാളികളാണ് മരിച്ചവരിലേറെയും. അതേസമയം, 34 പേർ മരിച്ചെന്നാണ് ഒൗദ്യോഗിക സ്ഥിരീകരണം. സമീപകാലത്ത് ഡൽഹിയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. 200ഓളം പേർ കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് ഉറ്റവരെക്കുറിച്ച വിവരമറിയാൻ ആശുപത്രിയിലെത്തിയവർ പറഞ്ഞു. അപകട സ്ഥലത്തുനിന്ന് നിരവധി പേരെ കാണാതായ വിവരങ്ങൾ പുറത്തുവരുന്നതിനാൽ മരണ സംഖ്യ കൂടുമെന്ന ആശങ്കയുണ്ട്. പരിക്കേറ്റവരെ ലേഡി ഹാർഡിങ്, രാം മനോഹർ ലോഹ്യ, സഫ്ദർജങ്, േലാക്നായക് ജയപ്രകാശ് നാരായണൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മരിച്ചവരും പരിക്കേറ്റവരും ആരെന്ന് വൈകും വരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലേക്ക് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രവേശനം ലഭിക്കാത്തതിനാൽ മരിച്ചവർ ആരെന്നത് സംബന്ധിച്ച വിശദാംശങ്ങളും അറിവായിട്ടില്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തതിനാൽ നഷ്ട പരിഹാരത്തിന് അർഹരായ ആശ്രിതരെ കണ്ടെത്താൻ ഡി.എൻ.എ പരിശോധന നടേത്തണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. പ്രാഥമികാന്വേഷണത്തിൽ ൈവദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നതായി അഗ്നിശമന സേന വിഭാഗം പറഞ്ഞു. 150ഓളം അഗ്നിശമന ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി. രണ്ട് അഗ്നിശമന സേനാനികൾക്കും രക്ഷാപ്രവർത്തനത്തിൽ പരിക്കേറ്റു.
തീപിടിക്കുേമ്പാൾ പണിശാലക്കകത്ത് 50ലേറെ പേരുണ്ടായിരുന്നു. നാലുനില കെട്ടിടത്തിെൻറ രണ്ടാം നിലയിൽനിന്നാണ് തീപിടിത്തം തുടങ്ങിയത്. അതിനു ശേഷം തീ മൂന്നും നാലും നിലകളിലേക്ക് പടർന്നു. ഇവിടെ വായുസഞ്ചാരം ഇല്ലാത്ത വിധം അടച്ചുപൂട്ടിയിരുന്നതിനാൽ കാർബൺ മോണോക്സൈഡ് പരന്നിരുന്നു. ശ്വാസംമുട്ടിയാണ് പലരും മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) െഡപ്യൂട്ടി കമാൻഡർ ആദിത്യ പ്രതാപ് സിങ് പറഞ്ഞു. ബാഗ് നിർമാണ യൂനിറ്റുകളിലെ തൊഴിലാളികൾ ജോലിസ്ഥലത്തുതന്നെയാണ് അന്തിയുറങ്ങുന്നതും. 34 അഗ്നിശമന യൂനിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം ദുഷ്കരമായ ഇടുങ്ങിയ ഗലിയിലെ കെട്ടിടത്തിലെ തീ നിയന്ത്രണാധീനമാക്കിയത്. ഫാക്ടറി ഉടമ ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് അന്വേഷണം ൈക്രം ബ്രാഞ്ചിന് കൈമാറി. നൂറുകണക്കിന് ബാഗ്, ഡയറി നിർമാണ ശാലകൾ പ്രവർത്തിക്കുന്ന ഇൗ മേഖലയിൽ ആർക്കും ലൈസൻസും അഗ്നിശമന വിഭാഗത്തിെൻറ എൻ.ഒ.സിയുമില്ല.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷവും നൽകുമെന്ന് സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പരിക്കേറ്റവരുടെ ചികിൽത്സച്ചെലവ് പൂർണമായും ഡൽഹി സർക്കാർ വഹിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. ഡൽഹി സെൻട്രൽ ജില്ല മജിസ്ട്രേറ്റിന് അന്വേഷണ ചുമതല നൽകിയതായി റവന്യൂ മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷവും ഗുരുതര പരിക്കേറ്റവർക്ക് അരലക്ഷവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
കണ്ണീരിൽ മുങ്ങി അനജ് മൻഡി
ന്യൂഡൽഹി: ‘‘എനിക്ക് തിരിച്ചുവരാനാകുമെന്ന് തോന്നുന്നില്ല, വാപ്പാ... ഇവിടെ മുഴുവനും തീയാണ്... രക്ഷിക്കാൻ പറ്റുമോ?’’-മകൻ ഇമ്രാെൻറ ഫോൺകാളായിരുന്നു. നഫീസ് എന്ന 58കാരന് പറഞ്ഞത് പൂർത്തിയാക്കാനായില്ല. അഗ്നി പടർന്നുപിടിച്ച് ജീവനുകൾ കവർന്ന ഡൽഹി അനജ് മൻഡിയിലെ ബാഗ് നിർമാണക്കമ്പനിക്കു പുറത്ത് നഫീസിനേപ്പോലെ ഉറ്റവരുടെ ഫോൺസന്ദേശമെത്തി ഹൃദയം പൊടിഞ്ഞവർ ഏറെയായിരുന്നു. നഫീസിന് രണ്ട് മക്കളെയാണ് ദുരന്തത്തിൽ നഷ്ടമായത്. ഉത്തർപ്രദേശിലെ മൊറാദാബാദിൽനിന്ന് ഡൽഹിയിൽ ആറുവർഷം മുമ്പ് എത്തിയതായിരുന്നു ഇമ്രാനും (35) സഹോദരൻ ഇക്രമും (32).
‘‘നാട്ടിൽ പോകാനായി തിങ്കളാഴ്ച പട്ടണത്തിൽ പോയി ഷോപ്പിങ് നടത്താമെന്നായിരുന്നു ശനിയാഴ്ച അഫ്സദ് ഫോണിൽ പറഞ്ഞത്. പക്ഷേ, ഇനി ഇത്തവണ പെരുന്നാളിന് അവൻ ഉണ്ടാവില്ലല്ലോ...’’ -ബിഹാറിലെ സഹർസയിൽനിന്നുള്ള 18കാരനായ മുസ്താക്വീന് സങ്കടം അടക്കാനാവുന്നില്ല. സദർ ബസാറിൽ മാസങ്ങൾക്കുമുമ്പാണ് തുന്നൽപണി പഠിക്കാൻ മുസ്താക്വീൻ എത്തിയത്.
‘‘താൻ കുടുങ്ങിപ്പോയി; രക്ഷപ്പെടാൻ ആകുമെന്ന് തോന്നുന്നില്ല. അവൻ ഭാര്യയെ വിളിച്ച് പറഞ്ഞ അവസാന വാക്കുകൾ അതായിരുന്നു’’ -ബിഹാറിലെ മധുബനി സ്വദേശിയായ സക്കീർ ഹുസൈൻ അനിയൻ ഷാക്കിർ ഹുസൈെൻറ അവസാനവാക്കുകൾ പങ്കുവെച്ചു. ‘‘ശനിയാഴ്ച രാത്രിയും ഞങ്ങൾ സംസാരിച്ചിരുന്നു. ഞായറാഴ്ച ഷോപ്പിങ്ങിന് പോകാനിരിക്കുകയായിരുന്നു. മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് അവനുള്ളത്’’ -അത് പറയുേമ്പാൾ സക്കീർ ഹുസൈൻ കരഞ്ഞുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.