'അടിയന്തരമായി യുക്രെയ്ൻ വിടണം'; ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ മുന്നറിയിപ്പ്
text_fieldsന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് സുരക്ഷ സാഹചര്യങ്ങൾ കൂടുതൽ വഷളായതിനാൽ ഇന്ത്യൻ പൗരന്മാർ യുക്രെയ്നിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി.
യുക്രെയ്നിലേക്കുള്ള യാത്ര നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രെയ്നിൽ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്നും കിയവിലെ ഇന്ത്യന്‍ എംബസി ട്വിററ്റിലൂടെ അറിയിച്ചു. നാല് യുക്രെയ്ൻ മേഖലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകിയത്.
നിലവിൽ യുക്രെയ്നിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഉക്രെയ്ൻ വിടാനാണ് നിർദേശം. യുക്രെയ്നിലെ റഷ്യൻ നീക്കങ്ങൾക്ക് കടുത്ത തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് നടപടി. പട്ടാള നിയമം പ്രഖ്യാപിച്ചതിനൊപ്പം അതിർത്തി പങ്കിടുന്ന എട്ട് മേഖലകളിൽ സഞ്ചാരവും വിലക്കിയിട്ടുണ്ട്.
കൂട്ടിച്ചേർത്ത പ്രവിശ്യകളിലൊന്നായ ഖേഴ്സണിൽനിന്ന് കഴിഞ്ഞ ദിവസം റഷ്യൻ സേനയുടെയും ഉദ്യോഗസ്ഥരുടെയും പിന്മാറ്റം തുടരുകയാണ്. സിവിലിയന്മാരും നാടുവിടണമെന്ന് പ്രദേശത്തെ റഷ്യൻ ഭരണകൂടം നിർദേശം നൽകി. നഗരം തിരിച്ചുപിടിക്കാൻ പൂർണാർഥത്തിലുള്ള സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നതായാണ് സൂചനകൾ. ഇതിന്റെ ഭാഗമായാണ് സിവിലിയന്മാരെ ഒഴിപ്പിക്കുന്നത്.
എന്നാൽ, സിവിലിയന്മാരെ ഭീഷണിയുടെ മുനയിൽ നിർത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് നടപടിയെന്ന് യുക്രെയ്ൻ കുറ്റപ്പെടുത്തുന്നു. ഖേഴ്സണിൽ സ്ഥിതി ഏറെ പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം റഷ്യൻ സൈനിക കമാൻഡർ ജനറൽ സെർജി സുറോവ്കിൻ സമ്മതിച്ചിരുന്നു.
യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ കിയവ് ലക്ഷ്യമിട്ട റഷ്യൻ മിസൈലുകൾ തകർത്തതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. നഗരത്തെ ഇരുട്ടിലാക്കി വൈദ്യുതി വിതരണ സംവിധാനങ്ങളുൾപ്പെടെ ആക്രമണങ്ങളിൽ ഭാഗികമായി തകർന്നിട്ടുണ്ട്. നിരവധി സിവിലിയന്മാർ കൊല്ലപ്പെടുകയും ചെയ്തു. കിയവിലെത്തിയ ഗ്രീക്ക് വിദേശകാര്യ മന്ത്രി നികൊസ് ഡെൻഡിയാസ് മിസൈലുകളിൽനിന്ന് രക്ഷതേടി അഭയകേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.