രാഷ്ട്രീയക്കാർ തങ്ങളെ വെറുതെ വിടണമെന്ന് സുശാന്ത് സിങ് രാജ്പുതിന്‍റെ മുൻ മാനേജരുടെ കുടുംബം
text_fieldsഅന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാർ അനാവശ്യ ചർച്ചകൾക്ക് വഴി വെക്കുകയാണെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നാരായൺ റാണെ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് എതിർപ്പുമായി ദിഷയുടെ കുടുംബം രംഗത്തെത്തിയത്.
ഏക മകളെ തനിക്ക് നഷ്ടപ്പെട്ടന്നും അവളുടെ പേര് അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുക വഴി കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ദിഷയുടെ അമ്മ വാസന്തി സാലിയൻ ആരോപിച്ചു. തങ്ങളെ സമാധാനത്തോടെ ജീവിക്കാൻ വിടണമെന്നും നിറ കണ്ണുകളോടെ അവർ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് വാസന്തി സാലിയൻ മുംബൈ മേയർ കിഷോരി പെഡ്‌നേക്കറിന് പരാതി നൽകി.
മകളുടെ പേര് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആവർത്തിച്ചാൽ തുടർ നടപടികളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മഹാരാഷ്ട്രയിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ സാന്നിധ്യത്തിൽ ദിഷയുടെ അമ്മ മുന്നറിയിപ്പ് നൽകി.
ദിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന കേന്ദ്ര മന്ത്രിയുടെ ആരോപണത്തെ തുടർന്ന് രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്ന് മുംബൈ പൊലീസിനോട് വനിത കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് പൊലീസിനും മറ്റ് അധികാരികൾക്കും നിരവധി തവണ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ പൂർണ്ണ തൃപ്തരാണെന്നും വാസന്തി സാലിയൻ പറഞ്ഞു.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും കാരണമാണ് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതെന്നും, രാഷട്രീയക്കാർക്ക് എല്ലാ തവണയും വോട്ട് നൽകുന്നുണ്ടെങ്കിലും കുടുംബത്തെ അപകീർത്തിപ്പെടുത്തുക മാത്രമാണ് പകരമായി അവർ നൽകുന്നതെന്നും ദിഷയുടെ അമ്മ ആരോപിച്ചു.
ദിഷ കൊല്ലപ്പെട്ടതാണെന്ന രാഷ്ട്രീയ നേതാക്കളുടെ അവകാശവാദങ്ങൾ നിഷേധിച്ച വാസന്തി, സുഹൃത്തുക്കളുടെ കൂടെ ജന്മദിനാഘോഷ പരിപാടിക്ക് വേണ്ടിയാണ് അവൾ പോയതെന്നും, ബിസിനസ്സ് ഡീലുകൾ റദ്ദാക്കിയതിന് ശേഷം ദിഷ സമ്മർദ്ദത്തിലായിരുന്നുവെന്നും പറഞ്ഞു.
ബോളിവുഡ് താരം സുഷാന്ത് സിങ് രാജ്പുതിനെ സബർബൻ ബാന്ദ്രയിലെ അദ്ദേഹത്തിന്‍റെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന് ആറ് ദിവസത്തിന് ശേഷം, മാനേജറായ ദിഷ മലാഡിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.