സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ നാളെ ഡൽഹിയിൽ ഒന്നിക്കുന്നു
text_fieldsചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഇതര പാർട്ടികൾ ഡൽഹിയിൽ ഒത്തു കൂടും. ആൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ഭാഗമായി സാമൂഹിക നീതി സംബന്ധിച്ച രണ്ടാം ദേശീയ കോൺഫറൻസ് നാളെ ഡൽഹിയിൽ നടക്കുന്നുണ്ട്. അതിനായാണ് പ്രതിപക്ഷ പാർട്ടികൾ എത്തുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവാരണ് പങ്കെടുക്കുന്നതിൽ പ്രമുഖർ. പ്രധാനമന്ത്രി പദത്തിലേക്കായി സംസ്ഥാനത്തിന് പുറത്ത് പിന്തുണക്ക് ശ്രമിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ തങ്ങളുടെ പ്രതിനിധികളെ കോൺഫറൻസിന് അയക്കുന്നുണ്ട്.
ഡി.എം.കെ മേധാവിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിലാണ് കോൺഫറൻസ് നടക്കുക. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രെയ്നെയും എ.എ.പി എം.പി സഞ്ജയ് സിങിനെയും ബി.ആർ.എസ് എം.പി ഡോ. കേശവ റാവുവിനെയുമാണ് പ്രതിനിധികളായി അയക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനുള്ള ഡി.എം.കെയുടെ രണ്ടാം ശ്രമമാണിത്. നേരത്തെ സ്റ്റാലിന്റെ 70ാം പിറന്നാളിന്റെ ഭാഗമായി നടത്തിയ റാലിയിൽ കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു.
ബി.ജെ.പിക്കെതിരായി ദേശീയ തലത്തിൽ പ്രധാന പങ്കു വഹിക്കാനുള്ള സ്റ്റാലിന്റെ പ്രവർത്തനത്തിന്റെ ഭാഗമാണിതെന്ന ആരോപണങ്ങൾ സോഷ്യൻ ജസ്റ്റിസ് ഫെഡറേഷൻ കൺവീനറും ഡി.എം.കെ എം.പിയുമായ പി. വിൽസൺ തള്ളിക്കളഞ്ഞു. ഇൗ കോൺഫറൻസിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും സാമൂഹിക നീതിക്കായുള്ള പ്രസ്ഥാനത്തെ ഇന്ത്യ ഒട്ടാകെ എത്തിക്കുക, എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാഴ്ചപ്പാട് പങ്കുവെക്കുക തുടങ്ങിയതാണ് കോൺഫറൻസിന്റെ ലക്ഷ്യം. സാമൂഹിക നീതിക്കെതിരായി നിൽക്കുന്ന ശക്തികളാണ് ഇതിനെ രാഷ്ട്രീയ പ്രേരിതം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.