ബജറ്റിനെ വിമർശിച്ച് കേരളത്തിലെ ഇടത്, കോൺഗ്രസ് എം.പിമാർ
text_fieldsന്യൂഡൽഹി: കേന്ദ്രബജറ്റിനെതിരെ കേരളത്തിൽനിന്നുള്ള ഇടത്,കോൺഗ്രസ് എം.പിമാർ ലോക്സഭയിൽ. വാചകക്കസർത്ത് മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് സി.പി.എം അംഗം എ. സമ്പത്ത് കുറ്റപ്പെടുത്തി. സങ്കല്പങ്ങളും സ്വപ്നങ്ങളും മാത്രമാണ് ബജറ്റിെൻറ അടിസ്ഥാനമെന്ന് മുസ്ലിം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീറും വ്യാഴാഴ്ച ബജറ്റ് ചര്‍ച്ച വേളയില്‍ പറഞ്ഞു.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനോ തൊഴിലവസരങ്ങൾ വർധിപ്പിക്കാനോ പരമ്പരാഗത വ്യവസായങ്ങളെ പരിപോഷിപ്പിക്കാനോ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനോ ബജറ്റ് ഉൗന്നൽ നൽകുന്നില്ലെന്ന് സമ്പത്ത് കുറ്റപ്പെടുത്തി. ഇന്ധനവില കയറ്റം തടയാനുള്ള നടപടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ താങ്ങുവില വലുതെന്ന് തോന്നുന്നുണ്ടെങ്കിലും കാര്‍ഷിക പ്രതിസന്ധിക്ക് അത് പരിഹാരമാവില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. 2022 ആവുമ്പോഴേക്കും എല്ലാ കൃഷിക്കാര്‍ക്കും ഇരട്ടി വരുമാനമെന്നത് യാഥാർഥ്യബോധമില്ലാത്ത പ്രവചനം മാത്രമാണ്. ആരോഗ്യരംഗത്ത് പദ്ധതികളുടെ ധനസമാഹരണത്തിെൻറയും ബജറ്റ് വിഹിതത്തിെൻറയും കാര്യത്തില്‍ അവ്യക്തതയാണുള്ളത്. ന്യൂനപക്ഷ മന്ത്രാലയത്തിന് നാമമാത്രമായ വർധനവ് നല്‍കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ ഞെരുക്കി കൊല്ലുകയുമാണ് ഗവണ്‍മെൻറ് ചെയ്യുന്നത്. അഞ്ചാംവര്‍ഷം അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് പോവാനുള്ള സാഹചര്യവും ഗവണ്‍മെൻറ് എടുത്തുകളഞ്ഞു.
2022 വരെ ഹജ്ജ് സബ്സിഡി ക്രമത്തില്‍ കുറച്ചുകൊണ്ടു വരുവാനും ഈ കാലത്തിനുള്ളില്‍ ഇല്ലാതാക്കാനുമാണ് സുപ്രീംകോടതി പറഞ്ഞിരുന്നത്. എന്നാല്‍, ഇക്കൊല്ലം തന്നെ അതില്ലാതാക്കിയ നടപടി ക്രൂരമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനും മരിക്കുവാനും അവസരമുണ്ടാക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ഓഖി കൊടുങ്കാറ്റിനെ തുടർന്ന് എറണാകുളത്ത് ചെല്ലാനം മുതൽ മുനമ്പം വരെയുള്ള കടൽതീരങ്ങളിൽ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു. കടൽഭിത്തിയും പുലിമുട്ടും പണിയാനുള്ള നടപടി ഉടൻ തുടങ്ങണം. തീരദേശ നിവാസികളെ സംരക്ഷിക്കാൻ അടിയന്തരമായി കേരളത്തിന് കേന്ദ്രസഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.