ബംഗാളിൽ ഇടത്-കോൺഗ്രസ് സീറ്റ് ധാരണ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഇടത്-കോൺഗ്രസ്-ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) സഖ്യത്തിലേക്ക്. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ പാർട്ടികൾ തമ്മിൽ മിക്കവാറും അന്തിമ ധാരണയായി. ഏതാനും സീറ്റുകളിൽകൂടി തീരുമാനമായിക്കഴിഞ്ഞാൽ ഔപചാരിക പ്രഖ്യാപനമുണ്ടാകും.
സംസ്ഥാനത്ത് ആകെയുള്ള 42ൽ കോൺഗ്രസിന് 12 സീറ്റുകൾ നൽകാൻ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപാർട്ടികൾ സന്നദ്ധമായിട്ടുണ്ട്. ഐ.എസ്.എഫിന് ആറു സീറ്റുകൾ നൽകും. ഇടതുപാർട്ടികൾ 24 സീറ്റുകളിലായിരിക്കും മത്സരിക്കുക. ബി.ജെ.പിക്കെതിരെ രൂപവത്കരിച്ച ഇൻഡ്യ മുന്നണിയിലുള്ള തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റക്കാണ് മത്സരിക്കുന്നത്. മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ചു. സി.പി.എമ്മുമായോ കോൺഗ്രസുമായോ ഒരു നീക്കുപോക്കിനും തയാറല്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു.
സി.പി.എം ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീം ചൊവ്വാഴ്ച ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അനിശ്ചിതമായി നീണ്ടുപോയ സഖ്യധാരണ വഴിത്തിരിവിലെത്തിയത്. ചർച്ച നീണ്ടുപോകുന്നതിൽ കോൺഗ്രസിനെതിരെ വിമർശനവുമായി സി.പി.എം നേതാക്കൾ രംഗത്തുവന്നിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളും കോൺഗ്രസും രണ്ടു സീറ്റുകളിൽ നീക്കുപോക്കുണ്ടായിരുന്നെങ്കിലും സഖ്യത്തിൽ എത്തിയിരുന്നില്ല.
ഇക്കുറി 10 സീറ്റായിരുന്നു കോൺഗ്രസിന് ഇടതുപാർട്ടികൾ മുന്നോട്ടുവെച്ചത്. 12 വേണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം. ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന, പാർട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിക്കുന്ന മുർശിദാബാദ് സി.പി.എമ്മിന് വിട്ടുകൊടുക്കാനും പകരം പുരുലിയ, റാണിഗഞ്ച് എന്നിവ കോൺഗ്രസിന് നൽകാനും ഇരു പാർട്ടികളും സമ്മതിച്ചു.
ഇതോടെ കോൺഗ്രസിന്റെ 12 സീറ്റ് എന്ന ആവശ്യം ഇടതുപാർട്ടികളും അംഗീകരിച്ചു. 14 സീറ്റായിരുന്നു ഐ.എസ്.എഫ് ആവശ്യപ്പെട്ടിരുന്നത്. ചർച്ചകൾക്കൊടുവിൽ ആറു സീറ്റ് എന്ന ധാരണയിലെത്തി. നിലവിൽ ആർ.എസ്.പി, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക് പാർട്ടികൾ ഓരോ സീറ്റിലും സി.പി.എം 13 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത്-കോൺഗ്രസ്-ഐ.എസ്.എഫ് സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും കാര്യമായി ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.