കേരളത്തിന്റെ ധനക്കമ്മി രൂക്ഷമെന്ന് ഇടത് എം.പിമാർ രാജ്യസഭയിൽ
text_fieldsന്യൂഡല്‍ഹി: കേരളം രൂക്ഷമായ ധനക്കമ്മി നേരിടുന്നതിനാൽ കേന്ദ്ര സഹായമായി കേരളത്തിന് ലഭിക്കാനുള്ള 5352 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് ഇടത് എം.പിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. സി.പി.ഐ എം.പി പി. സന്തോഷ് കുമാറും സി.പി.എം എം.പി എളമരം കരീമുമാണ് തിങ്കളാഴ്ച ശൂന്യവേളയിൽ വിഷയം സഭയിലുന്നയിച്ചത്.
കേന്ദ്ര സഹായമായി കേരളത്തിന് ലഭിക്കാനുള്ള 5352 കോടി രൂപ ആരുടെയും ഔദാര്യമല്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട തുകയാണെന്നും സി.പി.ഐ എം.പി പി. സന്തോഷ് കുമാര്‍ വ്യക്തമാക്കി.
യു.ജി.സി നിബന്ധന പ്രകാരമുള്ള ശമ്പള വര്‍ധനവില്‍ 790 കോടി രൂപ, നെല്ല് സംഭരണത്തിനുള്ള 700 കോടി രൂപ, ആരോഗ്യ മേഖലക്ക് 220 കോടി രൂപ ഉള്‍പ്പെടെ 3552 കോടി രൂപയാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്നും വിഹിതമായി ലഭിക്കാനുള്ളത്. കേരള സര്‍ക്കാര്‍ എല്ലാ രേഖകളും കേന്ദ്രത്തിന് സമര്‍പ്പിക്കുകയും കേന്ദ്രം നിർദേശിച്ച പ്രകാരം മാറ്റങ്ങള്‍ വരുത്തി രേഖകള്‍ വീണ്ടും നല്‍കിയിട്ടും കേരളത്തിന്റെ വിഹിതം ഇനിയും ലഭ്യമായിട്ടില്ല. ഈ തുക എത്രയും വേഗം അനുവദിക്കാന്‍ നടപടി വേണം.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനർനിർവചിക്കണമെന്ന് സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സുസ്ഥിര വികസനത്തിനായി സംസ്ഥാനങ്ങളാണ് 62 ശതമാനം തുക ചിലവഴിക്കുന്നത്. എന്നാല്‍ വരുമാനം വീതം വെക്കുമ്പോള്‍ കേന്ദ്രം 37 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നതെന്ന് 15-ാം സാമ്പത്തിക കമീഷന്‍ രേഖകൾ വ്യക്തമാക്കുന്നു. ഈ അസമത്വം എത്രയും വേഗം പരിഹരിക്കപ്പെടണം. ചരക്കു സേവന നികുതി നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങള്‍ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാണ്.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ പുനരവലോകനം നടത്തിയിലെലങ്കിൽ വികസന ലക്ഷ്യങ്ങള്‍ നേടാനാകില്ലെന്നും സന്താഷ് കുമാര്‍ ചൂണ്ടിക്കാട്ടി. പത്താം ധനകാര്യ കമീഷന്‍ പ്രകാരം കേരളത്തിന് കേന്ദ്രത്തില്‍ നിന്നും 3.9 ശതമാനം വിഹിതമായി ലഭിച്ചിരുന്നത് 15-ാം ധനകാര്യ കമ്മീഷന്‍ 1.9 ശതമാനമായി വെട്ടിക്കുറച്ചു. കേരളത്തിന്റെ വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാക്കിയ ഈ നടപടിയും പുനപരിശോധിക്കണമെന്ന് സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
സന്തോഷ് കുമാറിനെ പിന്തുണച്ച എളമരം കരീം കേരളം അതിരൂക്ഷമായ ധനക്കമ്മി നേരിടുകയാണെന്നും കേന്ദ്ര വിഹിതത്തിൽ വൻ കുറവ് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അതിനാൽ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളുടെ തത്വങ്ങൾ പുനരവലോകനം നടത്തണമെന്ന് എളമരം കരീമും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.