കൂടുതൽ ക്ഷീണിച്ച് ഇടതുകക്ഷികൾ, ചലനമുണ്ടാക്കാതെ ചെറുപാർട്ടികൾ
text_fieldsബംഗളൂരു: വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് മത്സരിച്ചതെങ്കിലും കർണാടകയിൽ ഇടതുകക്ഷികൾ കൂടുതൽ ക്ഷീണിച്ചു. സി.പി.എം നാലിടത്തും സി.പി.ഐ ഏഴിടത്തുമാണ് മത്സരിച്ചത്.
ചിക്കബെല്ലാപുരയിലെ ബാഗേപള്ളിയിലായിരുന്നു സി.പി.എമ്മിന്റെ വിജയപ്രതീക്ഷ. കോവിഡ് കാലത്ത് സേവനമേഖലയിൽ സജീവമായിരുന്ന ഡോ. അനിൽ കുമാറായിരുന്നു സ്ഥാനാർഥി. എന്നാൽ 82,128 വോട്ടുനേടി കോൺഗ്രസിന്റെ എസ്.എൻ. സുബ്ബറെഡ്ഡിയാണ് ഇവിടെ ജയിച്ചത്. ബി.ജെ.പിയുടെ മുനിരാജു 62,949 വോട്ടുനേടി രണ്ടാമതെത്തി. സി.പി.എമ്മിന് 19,621 വോട്ടുനേടി മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. മറ്റ് മൂന്നിടങ്ങളിൽ നോട്ടക്കും പിന്നിലായി സി.പി.എം. സി.പി.ഐ ഏഴിടത്ത് മത്സരിച്ചെങ്കിലും എവിടെയുമെത്തിയില്ല. കോലാർ ജില്ലയിലെ കെ.ജി.എഫിൽ സി.പി.ഐയും സി.പി.എമ്മും നേർക്കുനേരെ മത്സരിച്ചത് വൈരുധ്യവുമായി. ഇവിടെ 81,569 വോട്ടുനേടി കോൺഗ്രസിന്റെ എം. രൂപകലയാണ് വിജയിച്ചത്. മത്സരിക്കാത്ത ഇടങ്ങളിൽ ബി.ജെ.പിക്ക് എതിരെ വിജയസാധ്യതയുള്ള പാർട്ടികൾക്കായിരുന്നു സി.പി.എം പിന്തുണ. സി.പി.ഐ ആകട്ടെ മത്സരിക്കാത്തയിടങ്ങളിൽ കോൺഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചത്.
തൊഴിലാളികൾ കൂടുതലുള്ള മിക്കയിടത്തും ഒരുകാലത്ത് ശക്തിതെളിയിച്ചിരുന്ന ഇടതുകക്ഷികൾക്ക് നാല് ദശാബ്ദമായി വേര് നഷ്ടപ്പെട്ട അവസ്ഥയാണ്. സംസ്ഥാനത്തെ ജാതി അടിസ്ഥാനമായുള്ള രാഷ്ട്രീയവും യുവാക്കളെ ആകർഷിക്കാൻ കഴിയാത്തതും അവർക്ക് വിനയായി.
തെർദൽ, റായ്ചൂർ, ഹുബ്ബള്ളി-ധാർവാർഡ് ഈസ്റ്റ്, ചിത്രദുർഗ, ദാവൻഗരെ സൗത്ത്, കപ്പു, മുദി ഗരെ, പുലികേശിനഗർ, സർവഞ്ജ നഗർ, ബെൽത്തങ്ങാടി, മൂഡബിദ്രി, മംഗളൂരു, ബന്ത്വാൾ, പുത്തൂർ, മടിക്കേരി, നരസിംഹരാജ എന്നിവിടങ്ങളിലാണ് ഇത്തവണ എസ്.ഡി.പി.ഐ മത്സരിച്ചത്. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തിൽ 2018ൽ 33,284 വോട്ടുകൾ നേടി കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണയും ഏറെ അവകാശവാദവുമായി ഇവിടെ എസ്.ഡി.പി.ഐ അബ്ദുൽ മജീദിനെ മത്സരിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് കിട്ടിയത്. 41,037 വോട്ടുകൾ നേടി. 83,480 വോട്ടുകൾ നേടി കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ തൻവീർ സേഠാണ് ഇവിടെ ജയിച്ചത്. ബി.ജെ.പിയുടെ സന്ദേഷ് സ്വാമിയാണ് രണ്ടാമത് 52,360 വോട്ടുകൾ.
ബി.എസ്.പി ഇത്തവണ 133 സീറ്റുകളിലാണ് മത്സരിച്ചത്. കൊല്ലഗൽ മണ്ഡലം ബി.എസ്.പിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇത്തവണ അവിടെയും തോറ്റു. വെൽഫെയർ പാർട്ടി പ്രതീകാത്മകമായി രണ്ടു സീറ്റിലും മത്സരിച്ചു.
ഉവൈസിയുടെ എ.ഐ.എം.ഐ.എം ഹുബ്ബള്ളി-ധാർവാഡ് ഈസ്റ്റ്, ബസവന ബാഗേബാദ് മണ്ഡലങ്ങിൽ മത്സരിച്ചിരുന്നു. ഹുബ്ബള്ളിയിൽ 5644ഉം ബസവന ബാഗേബാദിൽ 1475ഉം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.