ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന് പുറപ്പെട്ട തുഷാർ ഗാന്ധിയെ പൊലീസ് തടവിലാക്കി
text_fieldsമുംബൈ: മഹാത്മാഗാന്ധിയുടെ മകന്‍റെ ചെറുമകനും എഴുത്തുകാരനും സംഘ്പരിവാർ വിമർശകനുമായ തുഷാർ ഗാന്ധിയെ ക്വിറ്റ് ഇന്ത്യ ദിനാചരണ ചടങ്ങിന് പങ്കെടുക്കാൻ പോകുന്നതിനിടെ പൊലീസ് തടവിലാക്കി. തന്നെ കസ്റ്റഡിയിലെടുത്ത് മുംബൈയിലെ സാന്താക്രൂസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് തുഷാർ ഗാന്ധി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
'സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിതാ ക്വിറ്റ് ഇന്ത്യ ദിനം ആചരിക്കാനായി പുറപ്പെട്ടതിന് എന്നെ തടവിലാക്കിയിരിക്കുന്നു. ചരിത്രത്തിലെ ഈ ദിനത്തിൽ ബ്രിട്ടീഷ് പൊലീസിനാൽ എന്‍റെ പ്രപിതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവരെയോർത്ത് ഞാൻ അഭിമാനിക്കുന്നു' -തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തു.
തുഷാർ ഗാന്ധിയെ പിന്നീട് പൊലീസ് വിട്ടയച്ചു. മഹാരാഷ്ട്രയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യ വിടുക (ക്വിറ്റ് ഇന്ത്യ) എന്നതിന് പകരം ഇന്ത്യയെ നിശബ്ദമാക്കുക (ക്വയറ്റ് ഇന്ത്യ) ആണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു.
സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെയും പൊലീസ് വീട്ടുതടങ്കലിലാക്കി. മുംബൈ ജുഹുവിലെ വീട്ടിനുമുന്നിൽ നിലയുറപ്പിച്ച 20ഓളം പൊലീസുകാർ തന്നെ പുറത്തുപോകാൻ അനുവദിക്കുന്നില്ല. പൊലീസ് രാജാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്ന് ടീസ്ത ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.