അപകടത്തിൽ കാല് തകർന്നു; ആംബുലൻസിൽ പരീക്ഷയെഴുതി പത്താം ക്ലാസുകാരി
text_fieldsമുംബൈ: വാഹനാപകടത്തെ തുടർന്ന് പരീക്ഷ തുടരാൻ കഴിയാത്ത പത്താം ക്ലാസ് വിദ്യാർഥിനി ആംബുലൻസിൽ പരീക്ഷ എഴുതി. മുംബൈ ബാന്ദ്ര സ്വദേശിനിയായ മുബഷിറ സാദിക്ക് സയ്യിദ് എന്ന വിദ്യാർഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലൻസിൽ പരീക്ഷ എഴുതിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബഷിറയെ കാർ ഇടിക്കുന്നത്. അപകടത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്തക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കി പരീക്ഷകൾ എഴുതണമെന്ന ആവശ്യം ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റുന്നതിനു മുന്നെ അധ്യാപകരോട് മുബഷിറ പറഞ്ഞിരുന്നു. പഠിത്തത്തിൽ മിടുക്കിയായ വിദ്യാർഥിയെ പരീക്ഷ എഴുതിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ വീട്ടുകാർക്ക് ഉറപ്പ് നൽകി.
തുടർന്ന് പരീക്ഷ ബോർഡ് സെക്രട്ടറിയെ കാണുകയും അതിനാവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഒടുവിൽ വിദ്യാർഥിക്ക് ആംബുലൻസിൽവെച്ച് പരീക്ഷ എഴുതാൻ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാൻ ഇസ്ലാം സ്കൂൾ വിദ്യാർഥിയാണ് മുബഷിറ. ആംബുലൻസിൽ കിടന്നുകൊണ്ട് ഒരു സഹായിയെ വെച്ചാണ് പരീക്ഷ പൂർത്തിയാക്കിയത്.
അടുത്ത പരീക്ഷയും ഇതേ രീതിയിൽ തന്നെയാണ് എഴുതുന്നതെന്നും പരീക്ഷ എഴുതാൻ സഹായിച്ച അധ്യാപകർക്കും ആംബുലൻസ് നൽകിയ കാൻസർ എയ്ഡ് ആൻഡ് റീസേർച്ച് ഫൗണ്ടേഷനും നന്ദി അറിയിക്കുന്നതായും മുബഷിറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.