ജനപ്രിയ റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു
text_fieldsമുംബൈ: ദശലക്ഷക്കണക്കിന് ഇന്ത്യൻ ശ്രോതാക്കളുടെ പ്രിയപ്പെട്ട റേഡിയോ ശബ്ദത്തിനുടമയായ അമീൻ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഹൃദയാഘാതത്തെത്തുടർന്ന് എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സയാനി ഏഴു മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്കാര ചടങ്ങ് വ്യാഴാഴ്ച.
1952 മുതൽ 1988 വരെ എല്ലാ ബുധനാഴ്ചകളിലും റേഡിയോ സിലോണിൽ അവതരിപ്പിച്ച ‘ബിനാക ഗീത് മാല’ പരിപാടിയാണ് അമീൻ സയാനിയെ പ്രശസ്തനാക്കിയത്. മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, ഹേമന്ത് കുമാർ, മുകേഷ്, തലത്ത് മഹ്മൂദ്, കിഷോർ കുമാർ തുടങ്ങിയ വിഖ്യാത ഗായകർ ആലപിച്ച അക്കാലത്തെ പ്രശസ്ത ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിയ പരിപാടിയായിരുന്നു ഇത്. ‘നമസ്തേ ബെഹ്നോ ഓർ ഭായിയോ, മേം ആപ്കാ ദോസ്ത് അമീൻ സയാനി ബോൽ രഹാ ഹും’ എന്ന സ്വാഗതവാചകത്തിനായി ലക്ഷക്കണക്കിന് വീടുകളിലെ ശ്രോതാക്കൾ കാതോർത്തിരുന്നു.
1988ൽ ബിനാക ഗീത് മാല ആകാശവാണി വിവിധ് ഭാരതിയുടെ ഭാഗമായപ്പോഴും സയാനി തന്നെയായിരുന്നു അവതാരകൻ. 1994 വരെ പ്രശസ്തി നഷ്ടപ്പെടാതെ ഈ പരിപാടി തുടർന്നു. 42 വർഷത്തിനിടെ 54,000ത്തിലധികം റേഡിയോ പരിപാടികൾക്ക് ശബ്ദം നൽകുകയും അവതരിപ്പിക്കുകയും ചെയ്തു. 19,000 പരസ്യങ്ങൾക്ക് ശബ്ദം നൽകി. ഏതാനും സിനിമകളിൽ ചെറുവേഷങ്ങളും ചെയ്തു.
1932 ഡിസംബർ 21ന് ഡോക്ടറായ ജാൻ മുഹമ്മദ് സയാനിയുടെയും കുൽസും സയാനിയുടെയും മകനായി മുംബൈയിലാണ് അമീൻ സയാനിയുടെ ജനനം.
ഫിലിമി മുഖദ്ദമ, സരിഡോൺ കേ സാഥി, ബോൺവിറ്റ ക്വിസ് കോൺടെസ്റ്റ്, ഷാലിമാർ സൂപ്പർലാക് ജോഡി, മറാത്താ ദർബാർ, സംഗീത് കേ സിതാരോം കി മെഹ്ഫിൽ എന്നിവയാണ് അദ്ദേഹത്തിെന്റ പ്രശസ്തമായ മറ്റ് റേഡിയോ പരിപാടികൾ. സയാനിയെ 2009ൽ പത്മശ്രീ പരേതയായ രമാ സയാനിയാണ് ഭാര്യ. മകൻ: രജിൽ സയാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.