പണ്ഡിറ്റ് രാം നാരായണൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: ലോകപ്രശസ്ത സാരംഗി വാദകൻ പണ്ഡിറ്റ് രാം നാരായണൻ (96) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ച അദ്ദേഹം, സാരംഗിയെന്ന വാദ്യോപകരണത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, മധ്യപ്രദേശ് സർക്കാറിന്റെ കാളിദാസ് സമ്മാൻ, ബിർള കലാശിഖർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
1927 ഡിസംബർ 25ന് രാജസ്ഥാനിൽ ജനിച്ച രാം നാരായണൻ, പിന്നീട് മുംബൈയിലേക്ക് കുടിയേറി. 1943ൽ ലാഹോറിലെ ഓൾ ഇന്ത്യ റേഡിയോയിൽ സാരംഗി ആർട്ടിസ്റ്റായി ചേർന്നു. പിന്നീട് ഡൽഹിയിലെത്തി. നിരവധി ഹിന്ദി സിനിമകൾക്ക് സാരംഗി സംഗീതം പകർന്നു.
സഹോദരൻ ചതുർലാൽ അറിയപ്പെടുന്ന തബല വാദകനായിരുന്നു. സഹോദരനോടൊപ്പം നടത്തിയ യു.എസ്, യൂറോപ്പ് പര്യടനങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ചു. സരോദ് വാദകനായ പണ്ഡിറ്റ് ബ്രിജ് നാരായൺ, സാരംഗി കലാകാരി അരുണ നാരായൺ, ശിവ് എന്നിവർ മക്കളാണ്. മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.