ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ പുലിയെ പിടികൂടി
text_fieldsഹൈദരാബാദ്: ഒരാഴ്ച മുമ്പ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ട പുലിയെ പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. രണ്ട് ദിവസം മുമ്പ് പുലിയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടുകളുടെ എണ്ണം അഞ്ചാക്കി ഉയർത്തിയത്. പ്രദേശത്ത് കാമറകളും സ്ഥാപിച്ചിരുന്നു.
രണ്ട് വയസ് പ്രായമുള്ള പുലിയെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് അറിയിച്ചു. ഇതാദ്യമായല്ല ഹൈദരാബാദിൽ വന്യമൃഗങ്ങളെ കാണുന്നത്. വ്യാഴാഴ്ച പിടികൂടിയ പുലിയെ ഒരാഴ്ച മുമ്പാണ് വിമാനത്താവളത്തിലെ ജീവനക്കാരും പ്രദേശവാസികളും കണ്ടത്. പുലിയെ കണ്ടുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്തെത്തിയ വനംവകുപ്പ് കാൽപ്പാടുകളിൽ നിന്നും വന്യമൃഗ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.
തുടർന്ന് പുലിക്കായി കെണിയൊരുക്കി. വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവരോട് ഒറ്റക്ക് നടക്കരുതെന്നും നിർദേശിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുലി ആരെയും ആക്രമിക്കാത്തത് ആശ്വാസകരമായി. ഹൈദരാബാദിൽ നിന്നും 100 കിലോ മീറ്റർ അകലെയുള്ള ഷാദ്നഗർ വനമേഖലയിൽ നിന്നാണ് പുലിയെത്തിയതെന്നാണ് അനുമാനം.
ശനിയാഴ്ച രാത്രിയാണ് ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേയിൽ പുലിയെ കണ്ടത്. സി.സി.ടി.വി കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്തു. വിമാനത്താവളത്തിൽ വിമാനങ്ങൾ അറ്റകൂറ്റപ്പണി നടത്തുന്ന ഭാഗത്തേക്ക് പോകാനും പുലി ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.