സിവിൽ സർവ്വീസുകാരെ പഠിപ്പിക്കാൻ സദ്ഗുരുവും ശ്രീ ശ്രീ രവിശങ്കറും; 'മിഷൻ കർമയോഗി'യിലൂടെ പ്രചോദന പാഠങ്ങൾ പകർന്നുനൽകും
text_fieldsന്യൂഡൽഹി: മോദി സർക്കാറിന്റെ സിവിൽ സർവ്വീസുകാർക്കുള്ള പരിശീലന പദ്ധതിയായ 'മിഷൻ കർമയോഗിയിൽ' സദ്ഗുരു ജഗ്ഗി വാസുദേവും യോഗ ഗുരു ശ്രീ ശ്രീ രവിശങ്കറും ഭാഗഭാക്കാകും. ഇതോടൊപ്പം ഉദ്യോഗസ്ഥർക്ക് സ്വകാര്യ മേഖലയിലും വിവിധ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടുകളിലും പരിശീലനം നൽകും. സമഗ്രമായ പരിശീലന പരിപാടികളിലൂടെ സിവിൽ സർവ്വീസുകാരുടെ നൈപുണ്യ വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള സിവിൽ സർവീസുകാരെ കോർപ്പറേറ്റ് മേഖലയിലേക്ക് അയയ്ക്കാൻ തുടങ്ങിയതായും 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു.
ബ്യൂറോക്രസിയും കോർപ്പറേറ്റുകളും തമ്മിലുള്ള 'സമഗ്രമായ ഇടപെടലിലും വിനിമയത്തിലും' ശ്രദ്ധ കേന്ദ്രീകരിക്കുകയും സർക്കാറിന്റെ പ്രവർത്തനം 'ശക്തവും മികവുറ്റതും' ആക്കുക എന്ന ലക്ഷ്യമാണ് പുതിയ പദ്ധതിക്ക് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സർക്കാർ ജീവനക്കാരെ സ്വകാര്യ കമ്പനികളിലേക്ക് അയക്കുന്നതിനു പുറമേ, ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും സദ്ഗുരു ജഗ്ഗി വാസുദേവും നൽകുന്ന മോട്ടിവേഷനൽ കോഴ്സുകളിലും ഉദ്യോഗസ്ഥർ പങ്കെടുക്കും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന പരിശീലന പരിപാടികളും സിവിൽ സർവ്വന്റുകൾക്കായി സർക്കാർ സംഘടിപ്പിക്കുന്നുണ്ട്.
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി, മോട്ടിവേഷൻ, സ്ട്രെസ് മാനേജ്മെന്റ് പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്. കോഴ്‌സുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്മ്യൂട്ടിങ് എന്നിവ മുതൽ മെറ്റാവേർസും ഗ്ലോബൽ കമ്പ്യൂട്ടിങും കൈകാര്യം ചെയ്യുന്നത് വരെയുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുന്നു. 'ഇത്തരം സ്വകാര്യ മേഖലയിലെ പരിശീലനവും ഇന്റേൺഷിപ്പും ആദ്യം പരീക്ഷിച്ചത് വ്യോമയാന മന്ത്രാലയമാണ്. അതിന്റെ വിജയത്തെത്തുടർന്നാണ് മറ്റ് മന്ത്രാലയങ്ങളും ഈ പരിപാടികൾ പരീക്ഷിക്കുന്നത്. തിരഞ്ഞെടുക്കുന്ന മന്ത്രാലയങ്ങൾക്കും ഓഫീസർമാർക്കും ആവശ്യമുള്ള പരിശീലനം നൽകും'-പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റെഗുലേറ്ററി മന്ത്രാലയങ്ങൾക്ക് പുറമെ, സ്വകാര്യമേഖലയുമായി ഇടപഴകേണ്ട മറ്റെല്ലാ സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും മന്ത്രാലയങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ പരിശീലിപ്പിക്കുന്നത് പതിവാണ്. എന്നിരുന്നാലും, കോഴ്‌സുകളുടെ രൂപകൽപ്പനയും കാലാവധിയും ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ളതാണ്-അദ്ദേഹം പറയുന്നു.
'ഭരണാധിഷ്ഠിത പ്രവർത്തനങ്ങളിൽ നിന്ന് റോൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലേക്ക് മാറുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം. പ്രോഗ്രാമുകൾക്കായി ധാരാളം ഉള്ളടക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ 60,000 ഓഫീസർമാർ മിഷൻ കർമ്മയോഗിയിൽ എൻറോൾ ചെയ്തിട്ടുണ്ട്'-കർമയോഗി ഭാരത് സി.ഇ.ഒ അഭിഷേക് സിങ് ദി പ്രിന്റിനോട് പറഞ്ഞു.
2020-ൽ ആരംഭിച്ച മിഷൻ കർമ്മയോഗിയുടെ പ്രാഥമിക ലക്ഷ്യം സിവിൽ സർവീസുകാർക്കുള്ള ശേഷി വർധിപ്പിക്കുക, സിവിൽ സർവീസുകളെ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതവും ജനസൗഹൃദവുമാക്കുക എന്നതാണ്. 25 കേന്ദ്ര പരിശീലന സ്ഥാപനങ്ങൾ, 33 നൂതന പരിശീലന സ്ഥാപനങ്ങൾ, മറ്റ് 790 സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഉദ്യോഗസ്ഥരുടെ പഠനനിലവാരം വർധിപ്പിക്കുന്നതിനായി കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
പരിശീലനത്തിനും ഇന്റേൺഷിപ്പിനുമായി ഉദ്യോഗസ്ഥരെ സ്വകാര്യ എയർലൈൻ കമ്പനികളിലേക്ക് അയയ്ക്കുക എന്ന ആശയം സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ആദ്യം മുന്നോട്ടുവച്ചത്. തുടർന്ന് രണ്ട് ബാച്ചുകളെ സ്വകാര്യ വിമാനക്കമ്പനികളിലേക്ക് പരിശീലനത്തിന് അയച്ചു. ഇത്തരം പരിപാടികൾ വിജയിച്ചതോടെ മറ്റ് മന്ത്രാലയങ്ങളും ഇത് ഏറ്റെടുത്തതായി വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.