ലശ്കർ കമാൻഡർ വസീം ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: തെക്കൻ കശ്മീരിൽ ഒരുവർഷമായി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് കരുതുന്ന ലശ്കറെ ത്വയ്യിബ കമാൻഡർ വസീം ഷാ, അംഗരക്ഷകൻ നിസാർ അഹ്മദ് മിർ എന്നിവരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പുൽവാമയിൽ ശനിയാഴ്ച പുലർച്ചെയാണ് ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടൽ നടന്നത്.
ലശ്കറെ ത്വയ്യിബ ടോപ് കമാൻഡറും തലക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുള്ള ഭീകരനുമായ അബു ഉസാമ ഭായ് (23) എന്ന് അറിയപ്പെടുന്ന വസീം ഷായും കൂട്ടരും ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. ഏറ്റുമുട്ടലിനിടെ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിലെ ഒരാളും ആശുപത്രിയിൽ മരിച്ചു. പ്രദേശവാസി ഗുൽസാർ അഹ്മദ് മിർ ആണ് പരിക്കിനെ തുടർന്ന് മരിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിന് ഇടയിൽപെട്ടാണ് ഇയാൾക്ക് വെടിയേറ്റതെന്ന് സൈന്യവും, പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഗുൽസാർ മരിച്ചതെന്ന് നാട്ടുകാരും പറഞ്ഞു.
ഭീകരരുെട സുരക്ഷിത താവളമായി അറിയപ്പെടുന്ന പുൽവാമയിലെ ലിറ്റർ പ്രദേശമാണ് സൈന്യം വളഞ്ഞത്. ശ്രീനഗറിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് നാലുവർഷത്തിനിടെ ഭീകർക്കെതിരെ നടക്കുന്ന ആദ്യ സൈനിക നടപടിയാണിത്. സൈന്യത്തിന് പുറമെ രാഷ്ട്രയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ്, ജമ്മു-കശ്മീർ പൊലീസ് എന്നിവരും ഏറ്റുമുട്ടലിൽ പങ്കുചേർന്നതായി ഡി.ജി.പി എസ്.പി. വൈദ് പറഞ്ഞു.
തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിൽനിന്നുള്ള കൊടുംഭീകരരിൽ ഒരാളായ വസീം ഷായുടെ വധം സൈന്യത്തിെൻറ എണ്ണപ്പെട്ട നേട്ടമാണ്. മരിച്ച ഭീകരരിൽനിന്ന് എ.കെ-47, എ.കെ -56 തോക്കുകളും നിരവധി തിരകളും കണ്ടെടുത്തു.
ഷോപിയാൻ ജില്ലയിലെ പഴക്കച്ചവടക്കാരനായ ഗുൽ മുഹമ്മദ് ഷായുടെ മകനായ വസീം ഷാ സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ ലശ്കറെ ത്വയ്യിബയോട് ആഭിമുഖ്യം പുലർത്തിയിരുന്നുവെന്ന് സൈനിക വക്താക്കൾ പറഞ്ഞു. തുടക്കത്തിൽ സംഘടനയുടെ സന്ദേശ വാഹകനായിരുന്നു. പിന്നീട് കോളജ് പഠനം ഇടക്കുവെച്ച് ഉപേക്ഷിച്ച് സജീവ ലശ്കർ പ്രവർത്തകനായി. പുതിയ ഭീകരവാദികളെ സംഘടനയിലേക്ക് നിയമിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.