ഗുസ്തി താരങ്ങൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ബ്രിജ് ഭൂഷനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രി വൈകീട്ടാണ് കൂടിക്കാഴ്ച നടന്നത്. അമിത്ഷായുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് സമരം നയിക്കുന്ന താരങ്ങളിലൊരാളായ ബജ്റംങ്പൂനിയ പറഞ്ഞു.
ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. യോഗത്തിൽ ബജ്റംങ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവർത് കദിയൻ എന്നിവർ പങ്കെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് ഗുസ്തി താരങ്ങളെ ലൈംഗമിക പീഡനത്തിനിരയാക്കിയ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങട്ടെ എന്നും അമിത് ഷാ താരങ്ങളോട് പറഞ്ഞതായാണ് റിപ്പോർട്ട്.
ഒരുമാസമായി തങ്ങൾ നടത്തുന്ന സമരം കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ താരങ്ങൾ പുതിയ പാർലമെന്റ് ഉദ്ഘാടന ദിവസം പാർലമെന്റിനു മുന്നിലേക്ക് മാർച്ച് നടത്തുകയും വനിതാ പഞ്ചായത്ത് നടത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് മാർച്ച് തടയുകയും താരങ്ങളെ അതിക്രൂരമായി റോഡിലൂടെ വലിച്ചിഴക്കുകയും സമരകാർക്കെതിരെ കലാപശ്രമത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇതോടെ, പ്രധാനമന്ത്രിക്ക് കൂടെ നിർത്തി ഫോട്ടോ എടുക്കാൻ മാത്രമേ തങ്ങളെ ആവശ്യമുള്ളവെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ അവരുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചു. അതോടൊപ്പം ഇന്ത്യാഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാരം കിടക്കുമെന്നും താരങ്ങൾ അറിയിച്ചിരുന്നു.
എന്നാൽ കർഷക നേതാവ് നരേഷ് ടിക്കായത്ത് ഇടപെട്ട് മെഡലുകൾ പിടിച്ച് വാങ്ങുകയും പ്രശ്നപരിഹാരത്തിന് അൽപ്പസമയം കൂടി ആവശ്യപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.