ആരും സ്വയം ദൈവമെന്ന് വിചാരിക്കരുത്; മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി മോഹൻ ഭഗവത്
text_fieldsപൂണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. ആരും സ്വയം ദൈവമെന്ന് വിചാരിക്കരുതെന്ന് മോഹൻ ഭഗവത് പറഞ്ഞു. ഒരാളുടെ പ്രവർത്തനങ്ങൾ കണ്ട് ജനങ്ങളാണ് അവരെ ദൈവമെന്ന് വിളിക്കേണ്ടത്. അല്ലാതെ അവർ സ്വയം ദൈവമെന്ന് വിളിക്കുകയല്ല വേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു.
കഴിയുന്നത്ര ജനങ്ങൾക്ക് വേണ്ടി നല്ല പ്രവർത്തനങ്ങൾ നടത്തണം. തിളങ്ങുകയോ വേറിട്ടുനിൽക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവർക്കും ആദരണീയ വ്യക്തികളാകാമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. എന്നാൽ, നമ്മൾ ആ തലത്തിലേക്ക് എത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നത് നമ്മളല്ല, മറ്റുള്ളവരാണ്. സ്വയം ദൈവമെന്ന് ആരും വിചാരിക്കരുമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച ശങ്കർ ദിനകർ കാനെയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻ ഭഗവതിന്റെ പ്രതികരണം.
ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദൈവത്തിന്റെ ഒരു ഉപകരണമാണ് താൻ. തന്റെ ഊർജം ജൈവികപരമല്ല, ദൈവം കനിഞ്ഞു നൽകിയതാണെന്നും മോദി പറഞ്ഞിരുന്നു.
ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോൾ ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ അമ്മ മരിച്ചപ്പോൾ, എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോൾ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊർജം കേവലം ജൈവികമായ ഒന്നല്ല, തീർച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാൻ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസമെന്നും മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.