രാഹുലിനെ അയോഗ്യനാക്കിയത് 24 മണിക്കൂറിനുള്ളിൽ; എത്ര മണിക്കൂറിനുള്ളിൽ തിരിച്ചെടുക്കുമെന്ന് നോക്കാമെന്ന് ഖാർഗെ
text_fieldsന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 24 മണിക്കൂറിനുള്ളിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും എത്ര മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് നോക്കാമെന്നും ഖാർഗെ പ്രതികരിച്ചു.
സത്യം ജയിക്കും. ഞങ്ങൾ സന്തോഷത്തിലാണ്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് രാഹുൽ ഗാന്ധിയുടെ മാത്രമല്ല ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും വിജയം കൂടിയാണ്. ഇത് ജനങ്ങളുടെ വിജയമാണ്. 24 മണിക്കൂറിനുള്ളിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്, എത്ര മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് നോക്കാമെന്നും വാർത്താസമ്മേളനത്തിൽ ഖാർഗെ വ്യക്തമാക്കി.
മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സ്റ്റേ ചെയ്തത്. ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും. കേസിൽ രാഹുലിന് പരമാവധി ശിക്ഷ നൽകാൻ വിചാരണ കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. എന്തുകൊണ്ട് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി വിശദീകരിക്കേണ്ടതുണ്ട്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുൽ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാനായി ഉപയോഗിച്ചുവെന്നായിരുന്നു പരാതിക്കാരന്‍റെ വാദം.
പൂർണേശിന്‍റെ പരാതിയിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുലിന് പരമാവധി ശിക്ഷയായ രണ്ടു വർഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.