‘നുണ ആയിരം തവണ ആവർത്തിച്ച് പറഞ്ഞാലും സത്യമാകില്ല’; മോദിക്ക് അക്കമിട്ട് മറുപടി നൽകുന്ന തുറന്ന കത്തുമായി ഖാർഗെ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണവേദികളിൽ പെരുംനുണകളാൽ കെട്ടിപ്പൊക്കുന്ന വിദ്വേഷ പ്രസ്താവനകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അക്കമിട്ട് മറുപടി നൽകുന്ന തുറന്ന കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമൂഹമാധ്യമമായ എക്സിലൂടെ കോൺഗ്രസ് ഖാർഗെയുടെ കത്ത് പങ്കുവച്ചു. എൻ.ഡി.എ സ്ഥാനാർഥികൾ വോട്ടർമാരെ കാണുന്നതിന് മുന്നോടിയായി മോദി അയച്ച സന്ദേശത്തിന് മറുപടി പോലെയാണ് ഖാർഗെ കത്തെഴുതിയത്. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി’ എന്ന് അഭിസംബോധനം ചെയ്ത് തുടങ്ങിയ കത്തിൽ, മോദി പരാമർശിച്ച എല്ലാ കാര്യങ്ങളും ഇഴകീറി മുറിച്ച് മറുപടി നൽകിയിട്ടുണ്ട്.
‘സ്ഥാനാർഥികൾക്കെഴുതിയ കത്തിലെ ശൈലിയും പ്രയോഗവുമൊന്നും പ്രധാന മന്ത്രിയുടെ ഓഫിസിന് ചേർന്നതല്ല. താങ്കളുടെ പ്രസംഗത്തിൽ പറഞ്ഞ നുണകൾ ജനങ്ങൾ ഉൾക്കൊള്ളാത്തതു കൊണ്ട് സ്ഥാനാർഥികൾ വഴി നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്നതായാണ് മനസ്സിലായത്. ഒരു നുണ ആയിരം തവണ ആവർത്തിച്ച് പറഞ്ഞാലും സത്യമാകില്ല’- ഖാർഗെ കത്തിൽ പരാമർശിച്ചു.
'കോൺഗ്രസ് പ്രകടനപത്രികയിൽ എഴുതിയ കാര്യങ്ങളും കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളും മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവുമുള്ള ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഞങ്ങളുടെ വാഗ്ദാനങ്ങൾ വ്യക്തമാണ്. താങ്കൾക്കുവേണ്ടി അവ ഇവടെ പ്രതിപാദിക്കാം'- ഖാർഗെയുടെ കത്തിൽ കോൺഗ്രസ് ഉന്നയിച്ച ‘ന്യായ്’ വാഗ്ദാനങ്ങൾ എണ്ണിപ്പറഞ്ഞു.
കോൺഗ്രസ് വാഗ്ദാനം ചെയ്ത ന്യായ്കൾ ഇപ്രകാരം:
- ഭരണകൂട നയങ്ങൾ കാരണം തൊഴിൽരഹിതരായ, രാജ്യത്തെ എല്ലാ യുവാക്കൾക്കും തൊഴിലുറപ്പ് നൽകുന്ന ‘യുവ ന്യായ്’.
- നിങ്ങളുടെ നേതാക്കളിൽനിന്ന്, അവരുടെ മനോഭാവം കാരണം പീഡനമനുഭവിച്ച് കൊണ്ടിരിക്കുന്ന രാജ്യത്തെ എല്ലാ സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്ന ‘നാരീ ന്യായ്’.
- അവകാശങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ അടിച്ചമർത്തിയ കർഷകരെ ശാക്തീകരിക്കുന്ന ‘കിസാൻ ന്യായ്’.
- പണപ്പെരുപ്പവും വർധിച്ചുവരുന്ന വരുമാന അസമത്വവും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി ‘ശ്രമിക് ന്യായ്’.
- അവകാശങ്ങൾ നേടിയടുക്കുന്നതിനായി പാവങ്ങളെ ശാക്തീകരിക്കാൻ ‘ഹിസ്സേധാരി ന്യായ്’.
‘കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് പ്രവർത്തിച്ച് വരുന്നതെന്ന് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞതായി അറിഞ്ഞു. കഴിഞ്ഞ 10 വർഷങ്ങളിൽ ഞങ്ങൾ ആകെ കണ്ടത് ചൈനയെ പ്രീതിപ്പെടുത്താൻ നിങ്ങളും നിങ്ങളുടെ മന്ത്രിമാരും ചെയ്യുന്ന പ്രവർത്തികളാണ്. ഗൽവാനിൽ 20 പട്ടാളക്കാരുടെ ജീവൻ കുരുതി കൊടുത്തിട്ടും ഇന്ത്യ ചൈനക്ക് ക്ലീൻചീട്ട് നൽകിയിരുന്നു’ -ഖാർഗെ കുറിച്ചു.
മോദിയുടെ കത്തിൽ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണങ്ങൾ എടുത്തു കളയുമെന്നും അവ കോൺഗ്രസിന്‍റെ വോട്ട് ബാങ്കിന് നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങളുടെ വോട്ട് ബാങ്കിൽ പാവങ്ങളും അരികുവത്കരിക്കപ്പെട്ടവരും സ്ത്രീകളും യുവാക്കളും തൊഴിലാളി വർഗവും ദലിതുകളും ആദിവാസികളുമുൾപ്പെടെ എല്ലാ സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. 1947 മുതൽ എല്ലാ ഘട്ടങ്ങളിലും ആരാണ് സംവരണത്തെ എതിർത്തിരുന്നതെന്ന് എല്ലാവർക്കുമറിയാം.
ജനങ്ങൾ സമ്പാദിച്ച പണം കോൺഗ്രസ് തട്ടിപ്പറിച്ച് വിതരണം ചെയ്യുമെന്ന് കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്തിലെ ദലിത് കർഷകരിൽനിന്ന് തട്ടിയെടുത്ത് ഇലക്ടറൽ ബോണ്ടായി ബി.ജെ.പിക്ക് നൽകിയ 10 കോടി തിരിച്ചു തരേണ്ടത് സർക്കാരാണ്’ -ഖാർഗെ രൂക്ഷമായി വിമർശിച്ചു.
കോൺഗ്രസിനെതിരെ മോദി ഉന്നയിക്കുന്നഎല്ലാ വാദഗതികളും പൊളിച്ചടുക്കുന്നതായിരുന്നു കോൺഗ്രസ് അധ്യക്ഷന്‍റെ തുറന്ന കത്ത്. ‘ഇലക്ഷൻ അവസാനിക്കുകയാണ്, പരാജയപ്പെടാതിരിക്കാൻ വിദ്വേഷവും നുണയും മാത്രം പറഞ്ഞിരുന്ന ഒരു പ്രധാന മന്ത്രിയായി മാത്രമേ ജനം നിങ്ങളെ ഓർക്കുകയുള്ളൂ’ എന്ന് പറഞ്ഞാണ് ഖാർഗെ കത്ത് അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.