ലിബർഹാൻ കമീഷൻ; പതിനാറര വർഷം,48 കാലാവധി നീട്ടൽ, എട്ടു കോടി ചെലവ്
text_fields1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാനാണ് പി.വി. നരസിംഹ റാവു സർക്കാർ, ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ കമീഷനെ നിയോഗിച്ചത്. പരമാവധി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോൾ ഉത്തരവിറക്കി.എന്നാൽ, 48 തവണ കാലാവധി നീട്ടിയ കമീഷൻ 900 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത് പതിനാറര വർഷത്തിനുശേഷം 2009 ജൂൺ 30ന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അന്വേഷണ കാലാവധി ഏറ്റവും നീണ്ട കമീഷൻ എന്ന റെക്കോഡ് ലിബർഹാൻ സ്വന്തമാക്കി. റിപ്പോർട്ടിന് സർക്കാർ ചെലവഴിച്ചത് എട്ടു കോടി.
കമീഷൻ 399 സിറ്റിങ്ങുകൾ നടത്തി. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ േജാഷി, കല്യാൺ സിങ്, ഉമാഭാരതി, വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാൾ, കോൺഗ്രസ് നേതാവ് അർജുൻ സിങ്, മുൻ യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നീ ഉന്നതരെ കമീഷൻ വിസ്തരിച്ചു.
മുൻ പ്രധാനമന്ത്രി വി.പി. സിങ്, മുൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, ബി.ബി.സി ജേണലിസ്റ്റ് മാർക്ക് ടുളി, ആർ.എസ്.എസ് നേതാവ് െക.എസ്. സുദർശൻ തുടങ്ങി നൂറിലേറെ സാക്ഷികളെയും ലിബർഹാൻ വിസ്തരിച്ചു. 2009 നവംബർ 24ന് ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം കമീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു.
കണ്ടെത്തലുകൾ
- പള്ളി തകർത്തതിന് എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി, കല്യാൺ സിങ്, ഉമ ഭാരതി, ഗോവിന്ദാചാര്യ, ശങ്കർ സിങ് വഗേല എന്നിവരടക്കം 68 സംഘ്പരിവാർ നേതാക്കൾ കുറ്റക്കാർ. പള്ളി തകർക്കലിെൻറ മുഖ്യ ശിൽപി ആർ.എസ്.എസ്.
- മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചനക്ക് എല്ലാ ഒത്താശയും ചെയ്തത് കല്യാൺ സിങ്ങിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. പള്ളി തകർക്കുന്നതിന് മുമ്പും അതിനുശേഷവും മുഖ്യമന്ത്രി എന്ന നിലയിൽ സ്വീകരിക്കേണ്ട നടപടികൾ കല്യാൺ സിങ് കൈക്കൊണ്ടില്ല. കർസേവകർ അയോധ്യയിൽ മുസ്ലിംകളെ ആക്രമിച്ച സമയത്തും പൊലീസിനെ നിയോഗിക്കാൻ സിങ് തയാറായില്ല.
- കർസേവകർ പള്ളി തകർക്കുേമ്പാൾ യു.പി സർക്കാർ നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥരും പൊലീസുകാരും നിശ്ശബ്ദം നോക്കിനിന്നു. സർക്കാർ ആർ.എസ്.എസിനെ കയറൂരി വിട്ടു.എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവരെപ്പോലെ നടിച്ച വാജ്പേയി, അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ജസ്റ്റിസ് ലിബർഹാൻ ‘വ്യാജ മിതവാദികൾ’ എന്ന് വിമർശിച്ചു.
- 1992ൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പി.വി. നരസിംഹ റാവു ഗവൺമെൻറിനെ ലിബർഹാൻ ഒരു വിധത്തിലും കുറ്റപ്പെടുത്തിയില്ല. 1992ൽ യു.പിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താതിരുന്ന റാവു ഗവൺമെൻറിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.