‘ഇന്ത്യയിൽ ജീവിതം സുരക്ഷിതമല്ല’; ട്രെയിൻ കൂട്ടക്കൊലയിലെ ഇരയുടെ മകൻ
text_fieldsമുംബൈ: ഇന്ത്യയിൽ ജീവിതം സുരക്ഷിതമല്ലെന്ന് ജയ്പുർ-മുംബൈ ട്രെയിനിൽ റെയിൽവേ പൊലീസ് കോൺസ്റ്റബ്ൾ വെടിവെച്ചുകൊന്ന അബ്ദുൽ ഖാദിർ ഭാൻപുർവാലയുടെ മകൻ ഹുസൈൻ ഭാൻപുർവാല. തന്റെ പിതാവിനെയും കൂടെ കൊല്ലപ്പെട്ടവരെയും പോലുള്ള നിരപരാധികൾ അവരുടെ വേഷത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്ന ഇന്ത്യയിൽ ജീവിതം സുരക്ഷിതമല്ല -വെള്ളിയാഴ്ച കോടതിയിലെത്തിയ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
മേലുദ്യോഗസ്ഥനായ ടിക്കാറാം മീണയെ വെടിവെച്ചുകൊന്നശേഷം അബ്ദുൽ ഖാദിറിന്റെ നേർക്കാണ് പ്രതി ചേതൻ സിങ് ആദ്യം വെടിയുതിർത്തത്.ബോരിവലിയിൽ ഇറങ്ങാനുള്ള തയാറെടുപ്പുമായി അബ്ദുൽ ഖാദിർ ബി- അഞ്ച് കോച്ചിന്റെ വാതിൽക്കൽ എത്തിയതായിരുന്നുവെന്ന് ഹുസൈൻ പറഞ്ഞു. എന്തിനാണ് പിതാവ് വാതിൽക്കൽ ചെന്നുനിന്നതെന്നും അദ്ദേഹത്തിന് ശത്രുക്കളുണ്ടോ എന്നുമാണ് റെയിൽവേ പൊലീസ് ആദ്യം ചോദിച്ചതെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും ഹുസൈൻ പറഞ്ഞു.
സംഭവം നടക്കുമ്പോൾ ഉമ്മയും സഹോദരനും തനിക്കൊപ്പം ഷാർജയിലായിരുന്നു. അവിടത്തെ ചൂട് കാരണം പിതാവ് തിരിച്ചുപോന്നതാണ്. ഗൾഫ് ജീവിതം അവസാനിപ്പിച്ച് നല്ലാസൊപാരയിൽ പിതാവിന്റെ കച്ചവടം ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഇനി ഇവിടെ നിൽക്കുന്നില്ല. ഉമ്മയുമായി ഷാർജയിലേക്ക് മടങ്ങുകയാണ്.
അവിടെ സ്ഥിരതാമസമാക്കും -ഹുസൈൻ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച പ്രതിയെ ഹാജരാക്കിയപ്പോഴാണ് ഹുസൈൻ കോടതിയിലെത്തിയത്. എന്നാൽ, സുരക്ഷ കാരണത്താൽ അകത്തേക്ക് കടത്തിവിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.