ഇനിയുള്ള ജീവിതം ജനസേവനത്തിന് –നന്ദിനി
text_fieldsബംഗളൂരു: അഞ്ചാം ക്ലാസ് പഠനകാലത്ത് മനസ്സിൽ മുളച്ച ആഗ്രഹം, സർക്കാർ സ്കൂൾ അധ്യാപകരായ രക്ഷിതാക്കളുടെ പിന്തുണ, അത് നേടിയെടുക്കാനുള്ള ദൃഢനിശ്ചയം, ഒടുവിൽ അത് നേടിയെടുത്തതിെൻറ ആത്മസംതൃപ്തി. 16 വർഷത്തിനുശേഷം സിവിൽ സർവിസ് പരീക്ഷയിലെ ഒന്നാംറാങ്ക് സംസ്ഥാനത്തെത്തിച്ച കോലാർ സ്വദേശി കെ.ആർ. നന്ദിനി ജനസേവനത്തിനുവേണ്ടിയാണ് ഐ.എ.എസ് ആഗ്രഹിച്ചതെന്ന് പറയുമ്പോൾ മുഖത്ത് ചെറുപുഞ്ചിരി. ഇന്ത്യൻ ഫോറിൻ സർവിസി(ഐ.എഫ്.എസ്)നേക്കാൾ താൽപര്യം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവിസി(ഐ.എ.എസ്) നോടാണെന്നും രാജ്യത്തുതന്നെ താമസിച്ച് ഔദ്യോഗിക ജീവിതം സ്ത്രീശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി വിനിയോഗിക്കുമെന്നും അവർ വ്യക്തമാക്കി.
നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോലാർ ജില്ലയിലെ കെംബോഡി ഗ്രാമത്തിൽ അധ്യാപകരായ കെ.വി. രമേഷ്, വിമല ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തതാണ് നന്ദിനി. കോലാർ തിമ്മയ്യ വിദ്യാലയ സ്കൂളിൽനിന്ന് കന്നട മീഡിയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദക്ഷിണ കന്നട ജില്ലയിലെ മൂടബിദ്രി അൽവ കോളജിൽനിന്ന് പി.യു പഠനവും ബംഗളൂരുവിലെ എം.എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് സിവിൽ എൻജിനീയറിങ് സ്വർണ മെഡലോടെയും പൂർത്തിയാക്കി. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയറായി ഔദ്യോഗിക ജീവിതം തുടങ്ങുമ്പോഴും മനസ്സിൽ ഐ.എ.എസ് എന്ന സ്വപ്നമുണ്ടായിരുന്നു. ഈ പിന്നാക്ക സമുദായക്കാരിയുടെ ലളിത ജീവിതവും സാഹചര്യങ്ങളും കാരണം മൂന്നുവർഷം ജോലി തുടർന്നു. ഒപ്പം, ഐ.എ.എസ് തയാറെടുപ്പുകളും.
2014ൽ ആദ്യശ്രമം. തൊട്ടടുത്ത വർഷം ഇന്ത്യൻ റവന്യൂ സർവിസിൽ (ഐ.ആർ.എസ്) തെരഞ്ഞെടുക്കപ്പെട്ടു. ഫരീദബാദിലെ കേന്ദ്രത്തിൽ റവന്യൂ സർവീസിൽ പരിശീലനത്തിനായി ചേർന്നെങ്കിലും മനസ്സിൽ ഐ.എ.എസ് തന്നെയായിരുന്നു. മൂന്നാമത്തെ പരിശ്രമത്തിന് അസുഖം വില്ലനായി. ഒടുവിൽ നാലാമത്തെ ശ്രമത്തിൽ സ്വപ്നസാഫല്യം, അതും ഒന്നാംറാങ്കോടെ. ഓപ്ഷനൽ സബ്ജക്ടായി തെരഞ്ഞെടുത്തത് കന്നട സഹിത്യം. സഹോദരൻ തരുൺ പട്ടേൽ ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർഥിയാണ്.
കുട്ടിക്കാലം മുതലേ മകളുടെ കഠിന പരിശ്രമങ്ങളക്കുറിച്ച് ബോധ്യമുള്ളതിനാൽ വിജയം ഉറപ്പിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസത്തിന് വഴികാട്ടിയായി അധ്യാപക ജീവിതം പാതിയിൽ ഉപേക്ഷിച്ച മാതാവും ഇന്ന് ഏറെ സന്തോഷവതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.