''അവസാനം തുരങ്കത്തിന്റെ അങ്ങേയറ്റത്തു നിന്ന് വെളിച്ചം കടന്നു വന്നു'' -ഹാത്രസ് കേസിൽ ശിക്ഷിക്കപ്പെട്ട ആലമിന്റെ ഭാര്യ ബുഷ്റ
text_fieldsന്യൂഡൽഹി: ''തുരങ്കത്തിന്റെ അവസാനം ഒടുവിൽ വെളിച്ചം ഞങ്ങളെ തൊട്ടിരിക്കുന്നു. ഒരു പുതിയ ജീവിതം ലഭിച്ച പ്രതീതിയാണെനിക്ക്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത എന്റെ ഭർത്താവിന് മാസങ്ങൾക്കു ശേഷം ജാമ്യം ലഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി എന്നും ഞാൻ ദൈവത്തോട് പ്രാർഥിക്കുമായിരുന്നു. ഇന്ന് ദൈവം എന്റെ പ്രാർഥന സ്വീകരിച്ചു''. ഹാത്രസ് കേസിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുഹമ്മദ് ആലമിന്റെ ഭാര്യ ബുഷ്റയുടെ പ്രതികരണമാണിത്. ജയിൽ മോചനം ലഭിച്ചാൽ ഉടൻ ആലമിനെ വീട്ടിലേക്ക് കൊണ്ടുപോയി ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കി കൊടുക്കാനുള്ള തിരക്കിലാണിപ്പോഴവർ.
23 മാസത്തെ ജയിൽവാസത്തിനു ശേഷമാണ് അലഹബാദ് ഹൈകോടതി മുഹമ്മദ് ആലമിന് ജാമ്യം അനുവദിച്ചത്. ഹാത്രസിൽ ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും മറ്റുള്ളവരും സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ആയിരുന്നു 30 കാരനായ ആലം. യു.എ.പി.എ ചുമത്തിയാണ് ആലമിനെ തടവിലിട്ടത്.
വിവാഹം കഴിഞ്ഞ് മൂന്നുവർഷമായെങ്കിലും ആലമും ബുഷ്റയും കൂടുതൽ കാലവും വേർപിരിഞ്ഞാണ് ജീവിച്ചത്. ആലമിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ബുഷ്റ ഡൽഹിയിലെ ക്രികോൽപുരിയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. കഴിഞ്ഞ ജൂൺ 29നാണ് ബുഷ്റ ഏറ്റവും ഒടുവിൽ ഭർത്താവിനെ കണ്ടത്.
''തന്റെ കൂടെയുണ്ടായിരുന്നു ഒരാളുമായും ആലമിന് മുൻപരിചയമുണ്ടായിരുന്നില്ല. എന്നാൽ ജയിലിലെത്തിയപ്പോൾ എല്ലാവരും തമ്മിൽ കൂടുതൽ അടുത്തു''-ബുഷ്റ പറയുന്നു.
ഹാത്രസിലേക്ക് ഒരു ട്രിപ്പുണ്ടെന്നു പറഞ്ഞാണ് 2020 ഒക്ടോബർ അഞ്ചിന് ആലം വീട്ടിൽ നിന്നിറങ്ങിയത്. കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് വൈകീട്ടും ആലമിനെ കുറിച്ച് വിവരം ലഭിക്കാതായതോടെ ബുഷ്റക്ക് ആധിയായി. മൊബൈലിൽ നിരവധി തവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. എങ്ങനെയോ ആണ് ആ ദിവസം തള്ളിനീക്കിയത്. ആലമിനെ അറസ്റ്റ് ചെയ്തതായി പിറ്റേദിവസം ബുഷ്റ അറിഞ്ഞു.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ തടയൽനിയമപ്രകാരം നാലുപേർക്കെതിരെ സമർപ്പിച്ച പ്രോസിക്യൂഷൻ പരാതിയിൽ ഇ.ഡി ലിസ്റ്റ് ചെയ്യപ്പെട്ട ആളായതിനാൽ ആലമിന് പുറത്തിറങ്ങാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും. ഈ കേസിൽ ജാമ്യത്തിനായുള്ള ശ്രമത്തിലാണ് ആലമിന്റെ അഭിഭാഷകൻ.
2020 ഒക്ടോബർ അഞ്ചിനാണ് ആലം, സിദ്ദീഖ് കാപ്പൻ, കാംപസ് ഫ്രണ്ട് പ്രവർത്തകരായ മസൂദ് അഹ്മദ്, അതീഖുർ റഹ്മാൻ, മറ്റ് മൂന്നുപേർ എന്നിവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. രാജ്യദ്രോഹത്തിന് കേസെടുത്ത ശേഷം ഹാത്രസ് സംഭവത്തിന്റെ പേരിൽ കലാപം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നും കുറ്റം ചാർത്തി.
അതേസമയം, തീവ്രവാദ സ്വഭാവമുള്ളതോ വിധ്വംസക പ്രവർത്തനം നടത്തിയെന്നതിന്റെ തെളിവായോ ഒന്നും തന്നെ ആലമിന്റെ പക്കൽ നിന്നോ ഫോണിൽ നിന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിക്കവെ അലഹബാദ് കോടതി ജസ്റ്റിസുമാരായ രമേഷ് സിൻഹ, സരോജ് യാദവ് എന്നിവർ നിരീക്ഷിച്ചു. മാത്രമല്ല, ആലമിനെതിരായ വാദങ്ങൾ പ്രഥമദൃഷ്ട്യ ശരിയാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളില്ലെന്നും ജഡ്ജിമാർ വിലിയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.