തേജസ്സിൽ നിന്നുള്ള മിസൈൽ പരീക്ഷണം വിജയകരം
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ പ്രതിരോധമേഖലക്ക് വൻ കുതിപ്പേകി, സൂപ്പർസോണിക് യുദ്ധവിമാനമായ തേജസ്സിൽനിന്ന് കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ചു.
യുദ്ധവിമാനത്തിലെ പൈലറ്റിെൻറ കാഴ്ചപരിധിക്കപ്പുറത്തുള്ള ശത്രുവിനെപ്പോലും തകർക്കാവുന്ന ‘ബിയോണ്ട് വിഷ്വൽ റെയ്ഞ്ച്’ (ബി.വി.ആർ) മിസൈലാണ് ഗോവ തീരത്തുനിന്ന് വെള്ളിയാഴ്ച പരീക്ഷിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക പോർവിമാനമായ തേജസ്സിൽനിന്ന് മിസൈൽ തൊടുക്കാൻ അനുമതി ലഭിച്ചശേഷമുള്ള സുപ്രധാന പരീക്ഷണമാണിതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ബി.വി.ആർ മിസൈൽ വിജയകരമായി പരീക്ഷിച്ചതോടെ തേജസിന് അവസാന പ്രവർത്തന ക്ലിയറൻസ് ലഭിക്കും. പൊഖ്റാൻ മരുഭൂമിയിൽ ലേസർ നിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാണ് തേജസ് വ്യോമസേനയുടെ ഭാഗമായത്.
മണിക്കൂറിൽ 1350 കി.മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന തേജസ് ഒറ്റ എൻജിനും ഇരട്ടസീറ്റുമുള്ള വിവിധോദ്ദേശ്യ ലഘുയുദ്ധവിമാനമാണ്. കരയിലും കടലിലും ഒരേപോലെ ആക്രമണം നടത്താൻ ശേഷിയുണ്ട്. 65 ശതമാനവും തദ്ദേശീയമായാണ് തേജസ്സിെൻറ നിർമാണം.
തേജസ് മാർക്ക് വൺ വിഭാഗത്തിൽപെട്ട 40 വിമാനങ്ങൾക്ക് വ്യോമസേന ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന് ഒാർഡർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ 50,000 കോടി രൂപയുടെ 83 വിമാനങ്ങൾക്കും വ്യോമസേന ഒാർഡർ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.