മിന്നലേറ്റ് 71 പേർ മരിച്ചു; ഉത്തര്‍പ്രദേശ് അടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ് ദുരന്തം
text_fieldsലഖ്നോ/ജയ്പുർ: മിന്നൽ ദുരന്തത്തിൽ നടുങ്ങി ഉത്തരേന്ത്യ. ഉത്തർപ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലുമായി 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 71പേർ മരിച്ചു. ഉത്തര്‍പ്രദേശിൽ 41 പേരും രാജസ്ഥാനിൽ 23 പേരും മധ്യപ്രദേശിൽ ഏഴുപേരുമാണ് മരിച്ചത്. രാജസ്ഥാനിൽ മരിച്ചവരിൽ ഏഴുപേർ കുട്ടികളാണ്.
ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി വീടുകൾ ഒഴുകിപ്പോയി. പ്രദേശവാസികളായ ചിലരെ കാണാതായിട്ടുണ്ട്. രാജസ്ഥാനില്‍ കനത്ത മഴ വകവെക്കാതെ സെല്‍ഫിയെടുക്കാൻ ജയ്പുരിലെ ആംബർ കോട്ടയിലെ വാച്ച് ടവറിലെത്തിയ 12 പേര് മിന്നലേറ്റ് തൽക്ഷണം മരിച്ചതായി ജയ്പുര്‍ പൊലീസ് കമീഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച രാത്രി 7.30നാണ് മിന്നലുണ്ടായത്. വിനോദസഞ്ചാരികളും പ്രാദേശവാസികളുമുള്‍പ്പടെ നിരവധി പേര് ഈ സമയത്ത് ടവറിലുണ്ടായിരുന്നു. ഇടിമിന്നലുണ്ടായപ്പോള്‍ ചിലര്‍ വാച്ച് ടവറില്‍നിന്ന് താഴേക്ക് ചാടി. ഇവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി. ബരന്‍, ജല്‍വാര്‍, ധോല്‍പുർ, സവായ് മധുപൂർ, ടോങ്ക്, കോട്ട എന്നീ ജില്ലകളിലും മിന്നൽ പ്രഹരമേൽപിച്ചു. ഇവിടങ്ങളിൽ ഒമ്പതുപേർ മരിച്ചു. 27 പേർക്ക് മിന്നലേറ്റ് ഗുരുതര പരിക്കുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 11 ആടുകൾ അടക്കം 16 മൃഗങ്ങളും മിന്നലേറ്റ് ചത്തു.
കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിലാണ് ഉത്തർ പ്രദേശിൽ 41 പേര് മരിച്ചത്. 11 ജില്ലകളിലാണ് മരണം. പ്രയാഗ് രാജിൽ 14 പേർ മരിച്ചു. കാണ്‍പുര്‍ ദേഹാത്, ഫിറോസാബാദ്, കൗശംബി, ഉന്നാവ്, ചിത്രകൂട്, പ്രതാപ്ഗഢ്, ആഗ്ര, വാരാണസി, റായ് ബറേലി എന്നിവിടങ്ങളിലും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദുരിതാശ്വാസ നിധിയിൽനിന്ന് മരണപ്പെട്ടവർക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് മോദി പറഞ്ഞു.
അതേസമയം, ഹിമാചൽ പ്രദേശിലെ ധർമശാലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്തമഴയും വെള്ളപ്പൊക്കവുമുണ്ടായി. ഉത്തരഖണ്ഡിലും ജമ്മു-കശ്മീരിലും മഴ കനത്ത നാശം വിതച്ചു.
വെള്ളപ്പൊക്കത്തിൽ ഹിമാചൽ പ്രദേശിൽ നൂറ് കണക്കിന് വാഹനങ്ങളും വീടുകളും ഒഴുകിപ്പോയി. ധർമശാലയിലാണ് ഏറ്റവും കൂടുതൽ നാശം. ധർമശാല വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. സ്കൂൾ കെട്ടിടങ്ങളും ഹോട്ടലുകളും മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. നിരവധി ആളുകളെയും കാണാതായിട്ടുണ്ട്. മാണ്ഡി-പഠാൻകോട്ട് ദേശീയപാതയിലുള്ള പ്രധാന പാലം തകർന്നതിനെ തുടർന്ന് വൻ ഗതാഗതതടസ്സവും അനുഭവപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.