സെൽഫി എടുക്കുന്നതിനിടെ 11പേർ മിന്നേലറ്റ് മരിച്ചു
text_fieldsന്യൂഡൽഹി: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ സെൽഫി എടുക്കുന്നതിനിടെ 11 പേർ മിന്നലേറ്റ് മരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ആമേർ കോട്ട സന്ദർശിക്കാനെത്തിയവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി രണ്ടുദിവസത്തിനിടെ മിന്നലേറ്റ് 68 പേരാണ് മരണപ്പെട്ടത്.
ആമേർ കോട്ടയിലെ വാച്ച് ടവറിന് മുകളിൽ സെൽഫി എടുക്കുകയായിരുന്നവരാണ് ദുരന്തത്തിനിരയായത്. മൊബൈൽ ക്യാമറകളിൽ ഫോട്ടോ പകർത്തുന്നതിനടെ അതിശക്തമായ മിന്നലേൽക്കുകയായിരുന്നു. നിരവധിപേർ പരിഭ്രാന്തരായി വാച്ച് ടവറിൽ നിന്ന് ചാടി. ഇവരിൽ മിക്കവർക്കും സാരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ 27 പേരണ് വാച്ച് ടവറിലും കോട്ടയിലും ഉണ്ടായിരുന്നത്. കോട്ടയിലെ ദുരന്തത്തിന് പുറമേ, ഞായറാഴ്ച സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ഒമ്പത് പേരും മരണപ്പെട്ടു. ഇതിൽ ഏഴുപേർ കുട്ടികളാണ്.
ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ ഏഴ് പേരുമാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി മിന്നലേറ്റ് മരിച്ചത്. മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാന സർക്കാരുകൾ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
യു.പിയിലെ പ്രയാഗ്രാജിൽ മാത്രം 14 പേരാണ് മരിച്ചത്. കാൺപൂർ ദേഹത്ത്, ഫത്തേപൂർ എന്നിവിടങ്ങളിൽ അഞ്ച് പേർ വീതമാണ് മരിച്ചത്. കൗശമ്പിയിൽ നാല് പേർ, ഫിറോസാബാദിൽ മൂന്നുപേർ, കാൺപൂർ നഗറിൽ രണ്ട് പേർ, ഉന്നാവ്, ഹാമിർപൂർ, സോൺഭദ്ര, പ്രതാപ്ഗഡ് ഹാർദോയി, മിർസാപൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ജീവൻ നഷ്ടമായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.