ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്നു; ഓഫിസ് പൊളിക്കലിൽ ചന്ദ്രബാബു നായിഡുവിനെതിരെ ജഗൻ മോഹൻ
text_fieldsഹൈദരാബാദ്: ആന്ധ്ര സർക്കാറിനെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും കടന്നാക്രമിച്ച് വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്.ജഗൻ മോഹൻ റെഡ്ഢി. നായിഡുവിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ജഗൻ ടി.ഡി.പി അധ്യക്ഷന്റെ പകപോക്കൽ രാഷ്ട്രീയം അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നും പറഞ്ഞു. ചന്ദ്രബാബു വൈ.എസ്.ആർ കോൺഗ്രസിന്റെ കേന്ദ്ര കമ്മിറ്റി ഓഫിസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനു പിന്നാലെയാണിത്.
ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് പൊളിക്കൽ നടത്തിയതെന്ന് ജഗൻ മോഹൻ ആരോപിച്ചു. വിശാലമായ കെട്ടിടത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായതായിരുന്നുവെന്നും എക്‌സിലെ പോസ്റ്റിൽ ജഗൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 5.30നാണ് ഓഫിസ് പൊളിക്കാൻ തുടങ്ങിയത്. പൊളിക്കൽ നടപടി ചോദ്യം ചെയ്ത് വൈ.എസ്.ആർ കോൺഗ്രസ് വെള്ളിയാഴ്ച ഹൈകോടതിയെ സമീപിച്ചിരുന്നു. നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിട്ടും പൊളിച്ചുമാറ്റൽ തുടരുകയാണെന്നും പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നു. സി.ആർ.ഡി.എയുടെ നടപടിയെ കോടതിയലക്ഷ്യമെന്ന് വൈ.എസ്.ആർ.സി.പി വിശേഷിപ്പിച്ചു. ടി.ഡി.പിയും ബി.ജെ.പിയും അടങ്ങുന്ന എൻ.ഡി.എ സർക്കാരിനു കീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിയമവും നീതിയും പൂർണമായും ഇല്ലാതായതായെന്നും മുൻ മുഖ്യമന്ത്രി ആരോപിച്ചു. പകപോക്കൽ രാഷ്ട്രീയത്തെ ഭയക്കില്ലെന്നും ജഗൻ പറഞ്ഞു.
അതേസമയം, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കണക്കിലെടുത്താണ് ‘അനധികൃത നിർമാണം’ പൊളിച്ചതെന്നാണ് ടി.ഡി.പിയുടെ പ്രതികരണം. ചന്ദ്രബാബു നായിഡു ഒരിക്കലും രാഷ്ട്രീയ പകപോക്കലിന്റെ പാത പിന്തുടർന്നിട്ടില്ലെന്ന് ടി.ഡി.പി നേതാവ് പട്ടാഭി രാം കൊമ്മറെഡ്ഡി പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനധികൃത നിർമാണങ്ങൾ പൊളിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയൊന്നും വാങ്ങാതെ അനധികൃതമായി പണിയുന്ന വൈ.എസ്.ആർ.സി.പിയുടെ പാർട്ടി ഓഫിസാണ് പൊളിക്കുന്നത്. വൈ.എസ്.ആർ കോൺഗ്രസ് ആരോപിക്കുന്നതുപോലെ ഒരു തരത്തിലുള്ള രാഷ്ട്രീയ പകപോക്കലുമായി ഇതിന് ബന്ധമില്ലെന്നും കൊമ്മറെഡ്ഡി പറഞ്ഞു.
വിശാഖപട്ടണത്ത് ജഗൻ 500കോടി ചെലവിട്ട് മലമുകളിൽ കൊട്ടാരം നിർമിച്ചുവെന്ന ടി.ഡി.പിയുടെ ആരോപണത്തിനു പിന്നാലെയാണ് ഓഫിസ് പൊളിക്കൽ വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.