‘യു.പി പൊലീസ് നടപടി നാസി ജർമനിയിലേത് പോലെ’: കൻവാർ യാത്രയുടെ പേരിലുള്ള വിവാദ നീക്കത്തിനെതിരെ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ കൻവാർ തീർഥാടകർ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭക്ഷണശാലകൾക്ക് മുന്നിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യു.പി പൊലീസിന്റെ നീക്കം ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും ഹിറ്റ്‌ലറുടെ നാസി ജർമനിയിലെ നയങ്ങൾക്കും സമാനമാണെന്ന് രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും കുറ്റപ്പെടുത്തി.
ശിവഭക്തരുടെ വാർഷിക തീർഥാടനമായ കൻവാർ യാത്ര ജൂലൈ 22 നാണ് തുടങ്ങുന്നത്. ‘മതപരമായ ഘോഷയാത്രയ്ക്കിടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് മുസഫർനഗറിലെ ഭക്ഷണശാലകളോട് ഉടമയുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിച്ചത്’ എന്നാണ് പൊലീസ് പറയുന്നത്.
"കൻവാർ യാത്രയ്ക്കുള്ള ഒരുക്കം ആരംഭിച്ചു. ഞങ്ങളുടെ അധികാരപരിധിയിൽ യാത്ര കടന്നുപോകുന്ന 240 കിലോമീറ്ററിലുള്ള ഹോട്ടലുകൾ, ധാബകൾ, തട്ടുകടകൾ തുടങ്ങി എല്ലാ ഭക്ഷണശാലകളോടും അവയുടെ ഉടമസ്ഥരുടെയും കട നടത്തുന്നവരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൻവാരികൾക്കിടയിൽ ആശയക്കുഴപ്പവും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്” -മുസഫർനഗർ സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, മുസ്‍ലിംകളുടെ കടയിൽ നിന്ന് കൻവാർ തീർഥാടകർ ഒന്നും വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ‘ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവ് പ്രകാരം എല്ലാ ഭക്ഷണശാലകളും ഉടമകളുടെ പേര് ബോർഡിൽ സ്ഥാപിക്കണം. കൻവാർ യാത്രികർ മുസ്‍ലിംകളുടെ കടയിൽ നിന്ന് അബദ്ധത്തിൽ പോലും ഒന്നും വാങ്ങില്ലെന്ന് ഉറപ്പാക്കാനാണിത്. ഇതിനെ ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനം എന്നും ഹിറ്റ്ലറുടെ ജർമനിയിൽ 'ജൂതൻബോയ്‌കോട്ട്' എന്നുമാണ് വിളിച്ചിരുന്നത്” -ഉവൈസി എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ റോം ചട്ടപ്രകാരം വർണ്ണവിവേചനം മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. നിയമപരമായ വംശീയ വേർതിരിവിലൂടെ ഒരു വിഭാഗത്തിന് രാഷ്ട്രീയ, പൗരാവകാശങ്ങൾ വ്യവസ്ഥാപിതമായി നിഷേധിക്കുന്നതാണിത്. യഹൂദ മതക്കാരുടെ ബിസിനസ് ബഹിഷ്‍കരിക്കാൻ 1933 ഏപ്രിലിൽ ഹിറ്റ്ലറുടെ നാസി ഭരണകൂടം ആരംഭിച്ചതാണ് 'ജൂതൻബോയ്‌കോട്ട്'.
എന്തുകൊണ്ടാണ് പൊലീസ് ഇത്തരം നിർദ്ദേശം നൽകിയതെന്ന് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ ജാവേദ് അക്തർ ചോദിച്ചു.
"ഒരു പ്രത്യേക മതത്തിന്റെ ഘോഷയാത്ര നടക്കുന്ന റൂട്ടിൽ എല്ലാ കടകളിലും റെസ്റ്റോറൻറുകളിലും വാഹനങ്ങളിലും ഉടമയുടെ പേര് വ്യക്തമായും വ്യക്തമായി കാണിക്കണമെന്ന് മുസഫർനഗർ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തിനാണിത്? നാസി ജർമനിയിൽ അവർ പ്രത്യേക കടകൾക്കും വീടുകൾക്കും മാത്രം അടയാളം ഇടാറുണ്ടായിരുന്നു’ -ജാവേദ് അക്തർ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
അതിനിടെ ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി യുപി പൊലീസ് രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള മതപരമായ വിവേചനം സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും ഭക്തർക്ക് സൗകര്യമൊരുക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു. "വിശുദ്ധ ശ്രാവണ മാസത്തിൽ നടക്കുന്ന കൻവാർ യാത്രയിൽ ഹരിദ്വാറിൽ നിന്ന് ഗംഗാജലം ശേഖരിച്ച് മുസാഫർനഗർ ജില്ലയിലൂടെ കടന്നുപോകുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ധാരാളം കൻവാർ യാത്രികരുണ്ടാകും. ഇവർ ചില ഭക്ഷ്യ വസ്തുക്കൾ കഴിക്കാറില്ല’ -മുസഫർനഗർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.