മോദിയെ പോലെ തന്നെ യോഗിയും; നാലര വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാതെ പൊതുസേവനമെന്ന് യു.പി ഉപമുഖ്യമന്ത്രി
text_fieldsലഖ്നോ: പ്രധാനമന്ത്രിയായ ശേഷം ഏഴ് വർഷത്തിനിടെ ഒരു ദിവസം പോലും അവധി എടുക്കാത്ത നരേന്ദ്ര മോദിയെപ്പോലെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. മുഖ്യമന്ത്രിയായ ശേഷം കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഒരു ദിവസം പോലും അവധി എടുക്കാതെയാണ് യോഗി ആദിത്യനാഥിന്‍റെ പൊതുസേവനം -ദിനേശ് ശര്‍മ പറഞ്ഞു. ഗ്രേറ്റർ നോയിഡയിൽ പ്രബുദ്ധ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വർഷത്തെ ഭരണകാലത്ത് ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. അദ്ദേഹത്തിന്‍റെ മുഴുവൻ സമയവും പൊതുസേവനത്തിനായി ചെലവഴിച്ചു. അതുപോലെ തന്നെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ഒറ്റ ദിവസം പോലും അവധി എടുത്തില്ല. അതുകൊണ്ടുതന്നെ രാജ്യവും സംസ്ഥാനവും വികസന പാതയിലേക്ക് നീങ്ങുകയാണ്'- ദിനേശ് ശര്‍മ പറഞ്ഞു.
യഥാര്‍ഥ രാജ്യസ്നേഹി തനിക്കു വേണ്ടിയല്ല, സമൂഹത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു വ്യക്തിക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും.
ബി.ജെ.പി ജാതിയുടെയും മതത്തിന്‍റെയും പേരിൽ വിവേചനം കാണിക്കുന്നില്ല. കഴിഞ്ഞ നാലര വർഷത്തിനിടയിൽ സർക്കാർ ആവിഷ്കരിച്ച പദ്ധതികളിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിച്ചു. ബി.ജെ.പി ഹിന്ദുക്കളോടും മുസ്‍ലിംകളോടും വിവേചനം കാണിക്കുന്നില്ല. ഈ സർക്കാറിന്‍റെ കാലത്ത് യു.പിയിൽ ഒരു സ്ഥലത്തും ഹിന്ദു മുസ്‍ലിം കലാപം ഉണ്ടായിട്ടില്ല - ദിനേശ് ശര്‍മ അവകാശപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസം യു.പി സർക്കാറിന്‍റെ വികസന സപ്ലിമെന്‍റിൽ കൊൽക്കത്തയിലെ മേൽപ്പാലത്തിന്‍റെ ചിത്രം ഉപയോഗിച്ചത് യോഗിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ യു.പിയിൽ ബി.ജെ.പി നടത്തിയ വികസന പ്രവർത്തനങ്ങൾ എന്ന തരത്തിലാണ് മുഴുപേജ് പരസ്യം സൺഡേ എക്സ്പ്രസിൽ നൽകിയത്. എന്നാൽ മഞ്ഞ അംബാസഡർ ടാക്സികൾ ഓടുന്ന നീലയും വെള്ളയും പെയിന്‍റടിച്ച മേൽപാലം കൊൽക്കത്തയിൽ മമത സർക്കാർ നിർമിച്ച 'മാ ഫ്ലൈഓവർ' ആണെന്ന് ട്വിറ്ററാറ്റി കണ്ടെത്തി.
മേൽപാലത്തിന് സമീപത്തെ കെട്ടിടങ്ങൾ കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിേന്റതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി. തങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് മോഷ്ടിച്ച് എട്ടുകാലി മമ്മൂഞ്ഞാകാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് കളിയാക്കി തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.