കോൺഗ്രസിന് ലിംഗായത്ത് മഠാധിപതികളുടെ പരസ്യ പിന്തുണ; ബി.ജെ.പി വെട്ടിൽ
text_fieldsബംഗളൂരു: ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ സൂചന നൽകിയതിന് പിന്നാലെ, കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന പരസ്യപ്രസ്താവനയുമായി ലിംഗായത്ത് മഠാധിപതികൾ രംഗത്ത്. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന ലിംഗായത്തുകളിൽനിന്ന് ഇത്തവണ വോട്ടുചോർച്ച ഭീഷണി ഭയപ്പെടുന്ന ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നതാണ് മഠാധിപതികളുടെ നീക്കം.
ശനിയാഴ്ച ബംഗളൂരുവിൽ ‘ദ ഫോറം ഒാഫ് ലിംഗായത്ത് മഠാധിപതീസ്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 200ഒാളം മഠാധിപതികൾ പെങ്കടുത്തു. വരുന്ന തെരഞ്ഞെടുപ്പിൽ ലിംഗായത്ത് സമുദായം സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാറിനെ പിന്തുണക്കുമെന്ന് കുടലസംഗമ ബസവ ധർമ പീഠ മഠാധിപതി മാത മഹാദേവി വ്യക്തമാക്കി. ‘‘കാലങ്ങളായുള്ള ഞങ്ങളുടെ ആവശ്യം അംഗീകരിച്ചതിന് സിദ്ധരാമയ്യ സർക്കാറിനോട് നന്ദി പറയുന്നു. കേന്ദ്രസർക്കാറും ഇത് പിന്തുടരണം. ഇത്തവണ സിദ്ധരാമയ്യ സർക്കാറിന് പിന്തുണ നൽകാനാണ് ഞങ്ങളുടെ തീരുമാനം’’ -മാത മഹാദേവി പറഞ്ഞു.
ബസവ തത്ത്വങ്ങൾ പിന്തുടരുന്ന ലിംഗായത്ത്, വീരശൈവ-ലിംഗായത്തുകളെ ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമായി അംഗീകരിക്കാമെന്ന വിദഗ്ധ സമിതി നിർദേശം കർണാടക സർക്കാർ അംഗീകരിച്ചിരുന്നു. നിർദേശം കേന്ദ്ര മന്ത്രാലയത്തിെൻറ പരിഗണനക്ക് വിടുകയും ചെയ്തു. പ്രത്യേക മതപദവി എന്ന ആവശ്യം തൽക്കാലം പരിഗണിക്കേണ്ടെന്ന നിലപാടാണ് അമിത് ഷായുടേത്. ബി.ജെ.പിക്ക് ചെറിയ ഷോക്ക് നൽകി കേന്ദ്രസർക്കാറിനെ സമ്മർദത്തിലാക്കാമെന്ന തന്ത്രവും മഠാധിപതികളുടെ ഉദ്യമത്തിന് പിന്നിലുണ്ട്. സർക്കാറിെൻറ ഒൗദ്യോഗിക പദവികളില്ലാത്ത അമിത് ഷാ ഇതുസംബന്ധിച്ച് മറുപടി പറയേണ്ടതില്ലെന്നാണ് മഠാധിപതികളുടെ പക്ഷം.
സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകളുടെ വോട്ട് ബി.ജെ.പിക്ക് നിർണായകമാണെന്നിരിക്കെ, തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ കോൺഗ്രസിെൻറ തുറുപ്പുശീട്ടായിരുന്നു ലിംഗായത്ത് മതപദവി തീരുമാനം. ലിംഗായത്തുകളിൽനിന്ന് അനുകൂല തരംഗത്തിന് സാധ്യത കൽപിക്കപ്പെട്ടിരുന്നെങ്കിലും പിന്തുണ പ്രഖ്യാപനവുമായി പരസ്യമായി മഠാധിപതികൾ തന്നെ രംഗത്തെത്തിയത് കോൺഗ്രസിന് ഉൗർജം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.