മുഖ്യമന്ത്രിയെ മാറ്റുന്നെങ്കിൽ ലിംഗായത്തുകളെ പരിഗണിക്കണം -ലിംഗായത്ത് സ്വാമി
text_fieldsബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാവുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് വീരശൈവ ലിംഗായത്തുകളെ പരിഗണിക്കണമെന്ന ആവശ്യവുമായി ലിംഗായത്ത് സ്വാമി ശ്രീശൈല ജഗദ്ഗുരു ഡോ. ചന്ന സിദ്ധരാമ പണ്ഡിതാരാധ്യ ശിവാചാര്യ സ്വാമി രംഗത്തെത്തി. ബെളഗാവി ചിക്കോടിയിലെ യദൂര വില്ലേജിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ലിംഗായത്ത് സമുദായം പ്രധാന പങ്ക് വഹിച്ചതായും അതിന് പ്രത്യുപകാരമെന്നോണം രാഷ്ട്രീയത്തിൽ പ്രധാന പദവികൾ സമുദായത്തിന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ലിംഗായത്ത് നേതാക്കളായ എം.ബി. പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, എസ്.എസ്. മല്ലികാർജുൻ, ഷാമന്നുർ ശിവശങ്കരപ്പ തുടങ്ങിയവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുള്ളവരാണ്. ഈ വിഷയം കാശിയിലെയും ഉജ്ജയിനിലെയും ജഗദ്ഗുരുക്കളുമായി ചർച്ച നടത്തിയതായും ശ്രീശൈല ജഗദ്ഗുരു പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യ വൊക്കലിഗ നേതാവായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി പദവിയൊഴിയണമെന്ന് വ്യാഴാഴ്ച വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യവുമായി വീരശൈവ ലിംഗായത്ത് വിഭാഗവും രംഗത്തുവരുന്നത്. സിദ്ധരാമയ്യയും ശിവകുമാറും വേദിയിലിരിക്കെ, ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നാടപ്രഭു കെംപെഗൗഡ ജയന്തി ചടങ്ങിലാണ് വൊക്കലിഗ സ്വാമി ആവശ്യമുന്നയിച്ചത്. പ്രശസ്ത വൊക്കലിഗ മഠങ്ങളായ അദി ചുഞ്ചനഗിരി മഠത്തിലെ നിർമലാനന്ദ സ്വാമി, സപ്തികാപുരി മഠത്തിലെ നഞ്ചവധൂത സ്വാമി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
‘എല്ലാവരും മുഖ്യമന്ത്രിയായി അധികാരം ആസ്വദിച്ചു. എന്നാൽ, ഞങ്ങളുടെ ഡി.കെ. ശിവകുമാർ മാത്രം മുഖ്യമന്ത്രിയായില്ല. അതിനാൽ, മുഖ്യമന്ത്രി പദവി അനുഭവിച്ച സിദ്ധരാമയ്യ, ദയവുചെയ്ത് ശിവകുമാറിനായി പദവിയൊഴിയണം. ശിവകുമാറിന് അനുഗ്രഹാശിസ്സുകളും നൽകണം. സിദ്ധരാമയ്യ വിചാരിച്ചാലേ ഇത് നടക്കൂ. അല്ലാത്തപക്ഷം നടക്കില്ല. അതിനാൽ സിദ്ധരാമയ്യയോട് കൈകൂപ്പി ഞാൻ പറയുന്നു, ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’ -ചന്ദ്രശേഖരനാഥ സ്വാമി പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻജയം നേടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വടംവലി നടന്നിരുന്നു. ഒടുവിൽ ഹൈകമാൻഡിന്റെ ഒത്തുതീർപ്പുവ്യവസ്ഥയിലാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദവും ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവും നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പതു സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് ശിവകുമാറിന്റെ മുഖ്യമന്ത്രി പദത്തിനായി വൊക്കലിഗ നേതാക്കളിൽനിന്ന് ആവശ്യമുയരുന്നത്.
136 എം.എൽ.എമാരും
ചേർന്നാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയത്
-ലക്ഷ്മി ഹെബ്ബാൾക്കർ
ബംഗളൂരു: സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന വൊക്കലിഗ നേതാക്കളുടെ ആവശ്യമുയരുന്നതിനിടെ പ്രതികരണവുമായി വനിത- ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ രംഗത്തുവന്നു. ഭരണപക്ഷത്തെ 136 എം.എൽ.എമാരും ചേർന്നാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം തന്റെ ചുമതല നന്നായി നിറവേറ്റുന്നുണ്ടെന്നും ലക്ഷമി ഹെബ്ബാൾക്കർ പറഞ്ഞു.
മുഖ്യമന്ത്രി പദവിയിൽനിന്ന് സിദ്ധരാമയ്യയെ മാറ്റേണ്ടതില്ലെന്ന സൂചനയാണ് പ്രതികരണത്തിലൂടെ മന്ത്രി നൽകിയത്. കോൺഗ്രസിന്റെ രണ്ടു കണ്ണുകളാണ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും. മുഖ്യമന്ത്രിയെ മാറ്റുന്നുണ്ടെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടത് ഹൈകമാൻഡാണെന്നും ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.