വോട്ടർ ഐ.ഡിയും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമല്ല; പാർലമെന്‍റിൽ ആവർത്തിച്ച് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: വോട്ടർ ഐ.ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് പാർലമെന്‍റിൽ ആവർത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍റെ ചോദ്യത്തിന് കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2016ലെ ആധാർ നിയമപ്രകാരം വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാണോയെന്നായിരുന്നു എം.പിയുടെ ചോദ്യം. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമാണെങ്കിൽ അത് നിഷ്കർഷിക്കുന്ന നിയമനിർമാണ ഉത്തരവ് വ്യക്തമാക്കണമെന്നും ഡെറിക് ഒബ്രിയാൻ ആവശ്യപ്പെട്ടു.
എന്നാൽ, 2016ലെ ആധാർ നിയമപ്രകാരം ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് നിയമ സഹമന്ത്രി രേഖാമൂലം മറുപടി നൽകി. എന്നാൽ, 2021ൽ ഭേദഗതിചെയ്ത തെരഞ്ഞെടുപ്പ് നിയമപ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് വോട്ടർമാരെ തിരിച്ചറിയാൻ ആധാർ ചോദിക്കാമെന്ന വ്യവസ്ഥയുണ്ട്. എങ്കിലും, വോട്ടർമാർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ആധാർ നൽകിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.
ആധാർ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിക്കാത്തവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോയെന്ന ആശങ്കകൾ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് ചോദ്യത്തിന് മറുപടിയായി കേന്ദ്രം വ്യക്തമാക്കിയത്.
ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിക്കാൻ 2023 ഏപ്രിൽ വരെയായിരുന്നു കേന്ദ്ര സർക്കാർ സമയപരിധി നൽകിയത്. കഴിഞ്ഞ മാർച്ചിൽ ഇത് 2024 മാർച്ച് 31 വരെ നീട്ടിയിരിക്കുകയാണ്.
2021ലെ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി പ്രകാരം ഇലക്ടറൽ ഓഫിസർക്ക് ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ആവശ്യപ്പെടാം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയുന്നില്ലെങ്കിൽ, വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് നിഷേധിക്കുകയോ പട്ടികയിൽ നിന്ന് അവരുടെ പേര് ഒഴിവാക്കുകയോ ചെയ്യരുത്. ഇത്തരക്കാർക്ക് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം -നിയമത്തിൽ പറയുന്നു.
നിയമത്തിൽ ഇങ്ങനെ പറയുമ്പോൾ, എന്തിനാണ് കേന്ദ്ര സർക്കാർ ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിക്കാൻ അവസാന തിയതി നൽകുന്നത് എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. ആധാർ ബന്ധിപ്പിക്കൽ നിർബന്ധമല്ല എന്നത് പിന്നീട് നിർബന്ധമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. വോട്ട് ചെയ്യാനുള്ള അവകാശം രാജ്യത്തെ ഏറ്റവും സുപ്രധാന അവകാശമാണെന്നും ആധാർ കാർഡില്ലെന്ന കാരണത്താൽ ഈ അവകാശം നിഷേധിക്കപ്പെടരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ആധാർ ബന്ധിപ്പിക്കാത്ത വോട്ടർമാർ പുറത്താകില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര നിയമമന്ത്രിയായിരുന്ന കിരൺ റിജിജു പാർലമെന്‍റിനെ അറിയിച്ചിരുന്നു. വോട്ടർമാർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം തിരിച്ചറിയൽ രേഖയായി ആധാർ നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.