ഓടിക്കയറിയത് സ്കൂളിൽ; ലോക്ഡൗണിൽ ലോക്കായി സിംഹരാജൻ
text_fieldsരാജ്കോട്ട്: ലോക്ഡൗണിനെ തുടർന്ന് മനുഷ്യരെല്ലാം വീടുകൾക്കകത്ത് ഒതുങ്ങിയപ്പോൾ നാട്ടിലിറങ്ങിനടക്കുന്ന കാട്ടുമൃഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ലോക്ഡൗണിൽ നാടുകാണാനിറങ്ങിയത് കാട്ടിലെ രാജാവായ സിംഹം തന്നെയാണ്. പക്ഷേ, വന്ന പോലെ തിരിച്ചുപോകാൻ കഴിഞ്ഞില്ലെന്നു മാത്രം.
ഗിർ-സോംനാഥ് സംരക്ഷണ വനമേഖലക്ക് സമീപമാണ് ഉന ഗ്രാമം. കന്നുകാലികളെ തേടിയാണ് രാത്രിയിൽ സിംഹം ഗ്രാമത്തിലേക്കിറങ്ങിയത്. എന്നാൽ, അറിയാതെ ചെന്നുകയറിയത് ലോക്ഡൗണിൽ പൂട്ടിക്കിടക്കുന്ന പ്രൈമറി സ്കൂളിനുള്ളിലാണ്.
ഗ്രില്ല് ചാടിക്കടന്ന് അകത്തുകയറിയ സിംഹത്തിന് പക്ഷേ പുറത്തേക്കിറങ്ങാൻ മാത്രം സാധിച്ചില്ല. പുലർച്ചെ എഴുന്നേറ്റ നാട്ടുകാർ സ്കൂളിനകത്ത് കുടുങ്ങിയ സിംഹത്തെയാണ് കണ്ടത്.
ആൾക്കൂട്ടം സ്കൂളിന് പുറത്ത് കൂടിയതും സിഹം പരിഭ്രാന്തിയിലായി. സ്കൂളിന്‍റെ ദ്രവിച്ച ഗ്രില്ല് സിംഹം തകർത്ത് പുറത്തുചാടുമോയെന്ന ഭയം നാട്ടുകാർക്കും. ഒടുവിൽ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വനംവകുപ്പ് ജീവനക്കാർ ഉടൻ സ്ഥലത്തെത്തി ദ്രവിക്കാറായ വാതിലുകളെല്ലാം പൈപ്പ് ഉപയോഗിച്ച് അടച്ചു. പിന്നീട് മയക്കുവെടി വെച്ച് സിംഹത്തെ പുറത്തെത്തിക്കുകയായിരുന്നു. മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയ ശേഷം തിരികെ കാട്ടിലേക്ക് തന്നെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.