പാതയോര മദ്യനിരോധനം: ബാറുകൾക്കും ബാധകമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളത്തിൽ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിയിൽ ഹോട്ടലും ബാറും പബ്ബും അടക്കമുള്ള ഏതുതരം മദ്യവ്യാപാരത്തിനും ശനിയാഴ്ച മുതൽ നിരോധനം ബാധകമാണെന്ന് സുപ്രീംകോടതി വിധിച്ചു. അറ്റോണി ജനറലിെൻറ നിയമോപദേശമുെണ്ടന്ന് കാണിച്ച് സുപ്രീംകോടതി വിധി അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കത്തിനുള്ള തിരിച്ചടിയായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ വിധി. മദ്യവ്യാപാരം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി ഒാർമിപ്പിച്ചു.
നേരത്തേ അനുവദിച്ച സമയത്ത് മദ്യവിൽപന സ്ഥാപനങ്ങൾ മാറ്റാൻ ശ്രമിക്കാതിരുന്ന കേരളത്തിൽ ഹോട്ടലും ബാറും പബ്ബുമടക്കമുള്ള എല്ലാ മദ്യവിൽപന കേന്ദ്രങ്ങളും മാർച്ച് 31ന് രാത്രിയോടെ അടക്കണമെന്ന് വ്യക്തമാക്കുന്നതാണ് വിധി. ഏപ്രിൽ ഒന്നു മുതൽ ദേശീയ, സംസ്ഥാനപാതകളുടെ നിശ്ചിത ദൂരപരിധിയിലുള്ള കേരളത്തിെല മുഴുവൻ മദ്യവിൽപന ശാലകൾക്കും നിരോധനം ബാധകമാക്കുന്ന വിശദമായ ഉത്തരവിറക്കിയ സ്ഥിതിക്ക് കേരള സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസും തീർപ്പായെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പാതയോരെത്ത മദ്യവിൽപന നിരോധനം മദ്യഷാപ്പുകൾക്ക് മാത്രമാണെന്ന അറ്റോണി ജനറൽ മുകുൾ രോഹതഗിയുടെ അഭിപ്രായം തെറ്റാണെന്ന് സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഇൗ വാദം അംഗീകരിച്ചാൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനുള്ള സുപ്രീംകോടതി വിധിയുടെ ചൈതന്യത്തിന് എതിരാകുമെന്ന് കോടതി ഒാർമിപ്പിച്ചു. അതിനാൽ, മദ്യവിൽപന നിരോധനം മദ്യഷാപ്പുകൾക്ക് മാത്രമാക്കി സുപ്രീംകോടതി വിധി പരാജയപ്പെടുത്താൻ കഴിയില്ല.
18 സംസ്ഥാനങ്ങൾ സുപ്രീംകോടതി വിധിക്കെതിരെ വന്നിട്ടില്ലെന്നും കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളാണ് വിധി ഭേദഗതി ചെയ്യാൻ അപേക്ഷ നൽകിയതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിൽതന്നെ ആന്ധ്രപ്രദേശ് പിന്നീട് അപേക്ഷ പിൻവലിച്ച് വിധി നടപ്പാക്കാമെന്ന് സമ്മതിച്ച കാര്യം വിധിയിൽ എടുത്തുപറഞ്ഞു. മദ്യവ്യാപാരം സംസ്ഥാനത്തിെൻറ അധികാരപരിധിയിലുള്ള കാര്യമാണ്.
ഏതെങ്കിലും തരത്തിലുള്ള മദ്യനിരോധനത്തിന് സുപ്രീംകോടതി ഉത്തരവിറക്കിയിട്ടില്ല. മറിച്ച് പൊതുസുരക്ഷയും പൊതു ആരോഗ്യവുമാണ് പാതയോരത്തെ മദ്യവിൽപന നിരോധനത്തിലൂടെ സുപ്രീംകോടതി ലക്ഷ്യമിട്ടത്. മദ്യപിച്ച് വണ്ടിയോടിക്കുന്നതല്ല വാഹനാപകടത്തിന് പ്രധാന കാരണമെന്ന ബാറുകാരുടെ വാദം സുപ്രീംകോടതി തള്ളി.
വനപ്രദേശങ്ങൾ പരിഗണിച്ച് മണിപ്പൂരിനും സിക്കിമിനും മാത്രം സുപ്രീംകോടതി വിധിയിൽ പൂർണ ഇളവ് അനുവദിച്ചു. 20,000ൽ താഴെ ജനസംഖ്യയുള്ള തദ്ദേശഭരണ പ്രദേശങ്ങളിൽ ഹൈവേകളിൽനിന്നുള്ള പരിധി 220 മീറ്ററാക്കി ചുരുക്കിയ സുപ്രീംകോടതി ഹിമാചൽപ്രദേശിന് ഇൗ ഇളവ് മതിയെന്ന് വ്യക്തമാക്കി. കർണാടകയാണ് എക്സൈസ് ചട്ടം അനുസരിച്ച് 20,000ൽ താഴെ ജനസംഖ്യയുള്ള മുനിസിപ്പൽ പ്രദേശങ്ങളിൽ ഹൈവേകളിൽനിന്ന് 220 മീറ്റർ ദൂരപരിധിയാണ് നിശ്ചയിച്ചിരിക്കുന്നതെന്നറിയിച്ചത്. മദ്യമുതലാളിമാർക്കായി സുപ്രീംകോടതിയിലെ ഏതാണ്ടെല്ലാ മുതിർന്ന അഭിഭാഷകരും അണിനിരന്ന അപൂർവകേസിൽ അവരെ എതിർക്കാൻ കേരളത്തിൽനിന്ന് വി.എം. സുധീരനും മാഹിയിലെ മദ്യ വിരുദ്ധ ഗ്രൂപ്പും മാത്രമാണ് സുപ്രീംകോടതിയിലെത്തിയത്. സുധീരനുവേണ്ടി പ്രമുഖ അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.