മദ്യനയ കേസ്: അരവിന്ദ് കെജ്രിവാൾ സി.ബി.ഐ ഓഫിസിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സി.ബി.ഐ ഓഫിസിൽ ഹാജരായി. ഞായറാഴ്ച രാവിലെ 11ഓടെയാണ് കെജ്രിവാൾ സി.ബി.ഐ ഓഫിസിലെത്തിയത്. കെജ്രിവാളിന് പിന്തുണയുമായി സി.ബി.ഐ ഓഫിസിനു മുന്നിൽ ധർണ നടത്തിയ ആപ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കോഴ നൽകിയ ചില മദ്യവ്യാപാരികളെ വഴിവിട്ട് സഹായിക്കുന്ന വിധത്തിലാണ് 2021-22 വർഷത്തെ മദ്യനയം ഡൽഹി സർക്കാർ തയാറാക്കിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ലൈസൻസ് നൽകിയതിൽ അഴിമതിയുണ്ട്. ചിലരുടെ ലൈസൻസ് ഫീസ് കുറച്ചുകൊടുത്തു. ചിലരുടേത് ഒഴിവാക്കി. വഴിവിട്ട് ലൈസൻസ് കാലാവധി നീട്ടിക്കൊടുത്തെന്നും സി.ബി.ഐ പറയുന്നു.
ഏപ്രിൽ 16ലെ മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനോട് ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടത്. കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഫെബ്രുവരി 26ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ.
സത്യേന്ദ്ര ജെയിനാണ് ആദ്യം അറസ്റ്റിലായ മന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയിൽ കെജ്രിവാളിനെ അറസ്റ്റു ചെയ്യാനാണ് സി.ബി.ഐയുടെ പുറപ്പാടെന്ന് ‘ആപ്’ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.