മദ്യമൊഴുകും പാത സർക്കാറിന് തീരുമാനിക്കാം
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യഷാപ്പുകളെല്ലാം തുറക്കാൻ വഴിയൊരുങ്ങി. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ പാടില്ലെന്ന വിധിയിൽ സുപ്രീംകോടതി സുപ്രധാന ഭേദഗതി വരുത്തി. പഞ്ചായത്തുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാം. പാതയോര മദ്യശാലകൾ നിരോധിച്ച ഉത്തരവ് ഫലത്തിൽ അപ്രസക്തമായി. മുനിസിപ്പൽ മേഖലകളിലെ മദ്യശാലകൾക്ക് സുപ്രീംകോടതി നേരത്തെ ഇളവ് അനുവദിച്ചതാണ്. നഗര സ്വഭാവമുള്ള പഞ്ചായത്തുകൾക്ക് ഇളവു നൽകുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധി. അനുമതിക്ക് മദ്യക്കട ഉടമകൾ സർക്കാറിന് അപേക്ഷ നൽകിയാൽ മതി.
പഞ്ചായത്തിെൻറ നഗരസ്വഭാവം പരിശോധിച്ച് അനുമതി നൽകണമോയെന്ന് നിശ്ചയിക്കേണ്ടത് സർക്കാറാണ്. മദ്യഷാപ്പുകൾ തുറക്കുന്ന കാര്യത്തിലാകെട്ട, സർക്കാർ അനുകൂലവുമാണ്. കേരളത്തിൽ പഞ്ചായത്ത്/മുനിസിപ്പൽ പ്രദേശമല്ലാത്ത സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളാകെട്ട, വളരെ കുറവാണ്. സംസ്ഥാന, ദേശീയ പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യഷാപ്പുകൾ പാടില്ലെന്നാണ് 2016 ഡിസംബര്‍ 15ന് മൂന്നംഗ ബെഞ്ച് വിധിച്ചത്. ബാറുകള്‍ മാത്രമല്ല, ബിയർ-വൈന്‍ പാര്‍ലറുകളും ഇതിെൻറ പരിധിയിൽവരുമെന്ന് വ്യക്തമാക്കി 2017 മാര്‍ച്ച് 31ന് കൂടുതല്‍ ശക്തമായ ഉത്തരവ് നൽകുകയും ചെയ്തു.
എന്നാല്‍, മുനിസിപ്പല്‍ മേഖലകള്‍ക്ക് ഇളവ് അനുവദിച്ച് 2017 ജൂലൈ 11ന് സുപ്രീംകോടതി ഉത്തരവിറക്കിയതോടെ നിരോധനത്തിെൻറ മൂർച്ച തേഞ്ഞു. നഗരമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളുടെ ഹൈവേ പദവി ഇല്ലാതാക്കി മദ്യശാലകള്‍ക്ക് അനുമതിനല്‍കിയ ചണ്ഡിഗഢ് ഭരണകൂട നടപടി ശരിവെക്കുന്നതായിരുന്നു ആ ഉത്തരവ്. ഇതോടെ, നഗരമേഖലയില്‍ മദ്യശാലകള്‍ക്ക് അനുമതിനല്‍കാന്‍ ഹൈവേകള്‍ ഡീനോട്ടിഫൈ ചെയ്യാമെന്ന സ്ഥിതി വന്നു.
നഗരമേഖലകളിലെ തിരക്കുള്ള റോഡിൽ അമിതവേഗത്തില്‍ വാഹനമോടിക്കാൻ പറ്റില്ലെന്ന വാദം അംഗീകരിച്ചാണ് മുനിസിപ്പല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കിയത്. ചണ്ഡിഗഢിന് നല്കിയ ഇളവ് മറ്റിടങ്ങളില്‍ ബാധകമല്ലെന്ന് വ്യക്തമാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരെൻറ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. പഞ്ചായത്തുകള്‍ക്ക് ഇളവുനല്‍കി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളും ബാറുടമകളുമെല്ലാം പിന്നാലെ സുപ്രീംകോടതിയിലെത്തി. പാതയോര മദ്യശാല നിരോധനം സംസ്ഥാനത്തിെൻറ ടൂറിസം വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്ന് കേരളം വാദിച്ചു.
കുമരകം, മൂന്നാര്‍, തേക്കടി, ബേക്കല്‍ തുടങ്ങി സംസ്ഥാനത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളും പഞ്ചായത്തുകളിലാണെന്നും കേരളം വാദിച്ചു. വികസനത്തിനായി പല റോഡുകളും ഹൈവേകളായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ അവിടെ മദ്യശാലകള്‍ തുടങ്ങാനാവാത്ത സാഹചര്യമാണ്. ഇൗ സാഹചര്യത്തിൽ പഞ്ചായത്തുകള്‍ക്ക് ഇളവുനല്‍കുന്നത് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നത് ആദ്യ വിധിയുടെ ഫലം ഇല്ലാതാക്കുമെന്നു വി.എം. സുധീരന് ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാനങ്ങളുടെ വാദമാണ് സുപ്രീംകോടതി അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.