മദ്യനയ അഴിമതിക്കേസ്: ഡൽഹി ഹൈകോടതിയിൽ നേരിട്ട് ഹരജി നൽകി കെജ്രിവാൾ
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈകോടതിയിൽ. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാൾ നേരിട്ട് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹരജി കോടതി ജൂലൈ അഞ്ചിന് പരിഗണിക്കും. അന്വേഷണമെന്ന പേരിൽ സി.ബി.ഐ തന്നെ ക്രൂരമായി ഉപദ്രവിക്കുകയാണെന്ന് കെജ്രിവാൾ ഹരജിയിൽ ആരോപിച്ചു.
കെജ്രിവാളിന്റെ കസ്റ്റഡി നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹരജി സമർപ്പിച്ച അഭിഭാഷകൻ രജത് ഭരദ്വാജ് പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജിയുടെ പ്രാധാന്യം കണക്കിലെടുത്ത് വ്യാഴാഴ്ച പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, ഹരജി പരിശോധിക്കട്ടെയെന്നും അതുകഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി നിലപാടെടുക്കുകയായിരുന്നു.ജൂൺ 23ന് സി.ബി.ഐ അരവിന്ദ് കെജ്രിവാളിനെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിനു പിന്നാലെ, സി.ബി.ഐ നൽകിയ കസ്റ്റഡി അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.
ജൂൺ 29ന് കസ്റ്റഡി കാലാവധി അവസാനിച്ചതിനു പിന്നാലെ, കോടതി അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. ചൊവ്വാഴ്ച സി.ബി.ഐ അറസ്റ്റും മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡും ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ സി.ബി.ഐക്ക് നോട്ടീസ് നൽകിയിരുന്നു.
സിസോദിയയും കവിതയും കസ്റ്റഡിയിൽ തുടരും
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത എന്നിവരുടെ കസ്റ്റഡി കാലാവധി ജൂലൈ 25 വരെ നീട്ടി.
നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി ബുധനാഴ്ച തീരുന്ന പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. റൗസ് അവന്യൂ കോടതി ജഡ്ജി കാവേജി ബജ്വയുടേതാണ് ഉത്തരവ്. 2023 ഫെബ്രുവരി മുതൽ മനീഷ് സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാർച്ച് 15ന് ഹൈദരാബാദിൽനിന്നാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ലൈസൻസ് നൽകാനായി കവിതയുടെ കാർമികത്വത്തിൽ മുതിർന്ന എ.എ.പി നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.