മദ്യശാലകൾ അടച്ചിടണെമന്ന മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ
text_fieldsചെന്നൈ: ലോക്ഡൗൺ പിൻവലിക്കുന്നതുവരെ മദ്യശാലകൾ അടച്ചിടണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ. മദ്രാസ് ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്.
വ്യാഴാഴ്ചയാണ് തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നത്. എല്ലായിടത്തും മദ്യശാലകൾക്ക് മുമ്പിൽ വലിയ ആൾക്കൂട്ടമായിരുന്നു. വ്യാഴാഴ്ച മാത്രം 172 കോടി രൂപയുടെ മദ്യമാണ് തമിഴ്നാട്ടിൽ വിറ്റത്.
മദ്യശാലകൾ തുറന്നപ്പോൾ സാമൂഹിക അകലം പാലിക്കുന്നതിലുണ്ടായ വലിയ വീഴ്ചകൾ കോവിഡ് പ്രതിരോധത്തിന് തിരിച്ചടിയാകുമെന്ന് കാണിച്ച് കമൽ ഹാസൻെറ മക്കൾ നീതി മയ്യം അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാഴാഴ്ച മദ്യശാലകൾ തുറക്കുന്നതിനെതിരെ കോടതിയിൽ നിരവധി ഹരജികൾ എത്തിയിരുന്നു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാറിൻെറ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹരജികൾ. എന്നാൽ സർക്കാർ ഉത്തരവ് റദ്ദാക്കാൻ കോടതി തയാറായിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കർശന ഉപാധികൾ മുന്നോട്ട് വെച്ച കോടതി മദ്യശാലകൾ തുറക്കാൻ അനുവാദം നൽകുകയായിരുന്നു.
വ്യാഴാഴ്ച മദ്യശാലകൾ തുറന്നപ്പോൾ സാമൂഹിക അകലം നിലനിർത്തുന്നതിലുണ്ടായ കടുത്ത വീഴ്ചകൾ ചൂണ്ടികാട്ടി ഹരജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മദ്യശാലകൾ അടക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. അതേസമയം ഓൺലൈനായുള്ള വിൽപ്പനയും ഹോം ഡെലിവറിയും കോടതി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.