പൊതുജനാരോഗ്യ രംഗത്ത് കേരളം ഒന്നാമത്; സംയുക്ത റാങ്കിങ്ങിൽ ഗുജറാത്ത് മുന്നിൽ
text_fieldsന്യൂഡൽഹി: ഈ വർഷം രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ പട്ടിക (സി.ജി.ഐ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സംയുക്ത റാങ്കിങ്ങിൽ ഗുജറാത്താണ് ഒന്നാമത്. പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ കേരളം മുന്നിലെത്തി.
കഴിഞ്ഞ വർഷത്തെ പട്ടികയിൽ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ ഒന്നാമതായിരുന്നു കേരളം. ഉത്തർപ്രദേശായിരുന്നു പട്ടികയിൽ ഏറ്റവും പിറകിൽ. ഇത്തവണ പക്ഷേ, ക്രമാനുഗത വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഒന്നാമതാണ് യു.പി. 8.9 ശതമാനമാണ് യു.പിയിലെ സാമ്പത്തിക വളർച്ച. ജമ്മു-കശ്മീർ 3.7 ശതമാനം വളർച്ച നേടിയതായും പട്ടിക വ്യക്തമാക്കുന്നു. 20 സംസ്ഥാനങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംയുക്ത റാങ്ക് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളെ ഗ്രൂപ് എ, ബി, വടക്കു കിഴക്ക്, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇത്തവണ റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ 58 സൂചികകളാണ് വിലയിരുത്തിയത്. സംസ്ഥാനങ്ങളിലെ ഭരണ പര്യാപ്തതയുടെയും ഗുണനിലവാരത്തിന്റെയും വാര്‍ഷിക വിലയിരുത്തലാണ് പഠനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര പേഴ്സനൽ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഈ റാങ്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കേന്ദ്ര പദ്ധതികളും ഫണ്ട് വിഹിതവും സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.