ജയിലിലേക്ക് കൊണ്ടുപോകാൻ കെജ്രിവാൾ ആവശ്യപ്പെട്ടത് ഈ മൂന്ന് പുസ്തകങ്ങൾ
text_fieldsന്യൂഡൽഹി: തിഹാർ ജയിലിലടക്കപ്പെടുന്ന ആദ്യ സിറ്റിങ് മുഖ്യമന്ത്രിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ പ്രതിചേർത്ത കെജ്രിവാളിനെ ഏപ്രിൽ 15 വരെയാണ് ഡൽഹി റോസ് അവന്യൂ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജയിലിൽ പോകുന്നതിന് മുമ്പായി കെജ്രിവാൾ ഏതാനും ആവശ്യങ്ങൾ കോടതിക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു.
പുസ്തകങ്ങൾ, മരുന്ന്, ഏതാനും വ്യക്തികളുമായി കൂടിക്കാഴ്ചക്കുള്ള അനുമതി തുടങ്ങിയവയാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിക്കുകയും ചെയ്തു. ഭഗവദ് ഗീത, രാമായണം, മാധ്യമപ്രവര്‍ത്തക നീരജ ചൗധരി എഴുതിയ 'ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്' എന്നീ പുസ്തകങ്ങളാണ് കെജ്രിവാൾ ജയിലിലേക്ക് കൊണ്ടുപോയത്. ധരിച്ചുകൊണ്ടിരിക്കുന്ന വിശ്വാസപരമായ ലോക്കറ്റ് ധരിക്കാന്‍ അനുവദിക്കണം, പ്രമേഹരോഗിയായതിനാൽ പ്രത്യേക ഭക്ഷണം അനുവദിക്കണം, ജയിലില്‍ ഒരു മേശയും കസേരയും അനുവദിക്കണം എന്നീ ആവശ്യങ്ങളും കോടതി അംഗീകരിച്ചു.
തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. ജയിലിനുള്ളിൽ ടി.വി കാണുന്നതിനുള്ള സൗകര്യം അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ, തനിക്ക് ജയിൽചട്ടങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ കൂടിക്കാഴ്ച നടത്താനുള്ള ആറ് പേരുടെ പട്ടികയും കെജ്രിവാൾ നൽകിയിട്ടുണ്ട്. ഭാര്യ സുനിത കെജ്രിവാൾ, മകൻ, മകൾ, പ്രൈവറ്റ് സെക്രട്ടറി, ആപ്പ് സംഘടനാതല ജനറൽ സെക്രട്ടറി സന്ദീപ് പഥക് എന്നിവർക്കാണ് കെജ്രിവാളിനെ ജയിലിൽ കാണാനുള്ള അനുവാദം.
കെജ്രിവാളിന്റെ സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ തിഹാറിലെ ഒന്നാം നമ്പര്‍ ജയിലിലും മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഏഴാം നമ്പര്‍ ജയിലിലുമാണ് കഴിയുന്നത്. തിഹാര്‍ ജയിലിലെത്തുന്ന നാലാമത്തെ എ.എ.പി നേതാവാണ് കെജ്‌രിവാള്‍. അഞ്ചാം നമ്പര്‍ ജയിലിലുണ്ടായിരുന്ന ആപ്പിന്‍റെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന് ഇന്ന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഇതേ കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയും തിഹാറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.