പട്ടിക പിന്നെയും കീറാമുട്ടി; മാധ്യമങ്ങൾക്കുമുഖം കൊടുക്കാതെ സുധാകരൻ മടങ്ങി
text_fieldsന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹി പട്ടിക പിന്നെയും കീറാമുട്ടി. പട്ടികയിലെ വെട്ടും തിരുത്തും നടത്തിത്തീരാതെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ കേരളത്തിലേക്ക് മടങ്ങി.
ഞായറാഴ്ച അന്തിമ പട്ടിക പുറത്തിറക്കാൻ ഡൽഹിയിലെത്തിയ സുധാകരൻ അനിശ്ചിതത്വം തീരാത്തതിനാൽ മാധ്യമങ്ങൾക്കു മുഖം കൊടുത്തില്ല. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം, മുതിർന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കണം എന്നീ നിർദേശങ്ങൾ ഹൈകമാൻഡ് നേരത്തെതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. സുധാകരനും നൽകിയിരുന്നു. എന്നാൽ, രണ്ടുപേരും ഡൽഹിയിലെത്തിയ ശേഷവും സംസ്ഥാനത്ത് മുറുമുറുപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ച നടക്കണമെന്ന നിലപാടാണ് കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവർ പ്രകടിപ്പിച്ചത്. വി.ഡി. സതീശനെ യാത്രയാക്കി പ്രശ്നപരിഹാരത്തിന് ഒരു ദിവസംകൂടി സുധാകരൻ ഡൽഹിയിൽ തങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല.
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 51ൽ ഒതുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഗ്രൂപ് പരിഗണനകളും വനിത, പിന്നാക്ക, സമുദായ പ്രാതിനിധ്യവും ഉറപ്പാക്കി മെച്ചപ്പെട്ട പട്ടിക മുന്നോട്ടുവെക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല. പട്ടിക പുറത്തുവന്ന ശേഷം തർക്കവും പരാതിയും ഉയരാൻ പാടില്ലെന്ന കർക്കശ നിർദേശമാണ് നേതൃത്വത്തിന് കിട്ടിയിട്ടുള്ളത്. ഇതിനായി മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച വേണ്ടിവരും. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ േകരളത്തിലെ നേതാക്കളെ മുൻകൂട്ടി അറിയിച്ചതു പ്രകാരം തിങ്കളാഴ്ച ബിഹാറിലേക്ക് മടങ്ങി. ഇനി കൂടിയാലോചനകൾക്കു ശേഷം കെ. സുധാകരനും സതീശനും പുതിയ പട്ടികയുമായി ഒരു വരവുകൂടി വരേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.