പൊതുസ്ഥലത്തെ മാലിന്യം തള്ളൽ; തടവുശിക്ഷക്ക് നിയമഭേദഗതി സാധ്യമോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൊതുസ്ഥലത്ത് നിരന്തരം മാലിന്യം വലിച്ചെറിയുന്നവരെ തടവിന് ശിക്ഷിക്കാനാകും വിധം നിയമഭേദഗതി സാധ്യത ആരാഞ്ഞ് ഹൈകോടതി. ഇത്തരക്കാരെ പിടികൂടാനുള്ള ചുമതല പൊലീസിന് നൽകാനാകുമോയെന്നത് പരിശോധിക്കണം. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സംസ്ഥാന വ്യാപകമായി ബൂത്തുകൾ സ്ഥാപിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി പരിഗണനയിലാണെന്നും ഈ നിയമസഭ സമ്മേളനത്തിൽ പാസാക്കാനായില്ലെങ്കിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചു. ഇതേതുടർന്നാണ് തടവുശിക്ഷ കൂടി ഉൾപ്പെടുത്തേണ്ടത് സംബന്ധിച്ച് കോടതി ആരാഞ്ഞത്.
മാലിന്യം വലിച്ചെറിയുന്നത് തടയാൻ വിനോദസഞ്ചാര മേഖലയിലെ നിരീക്ഷണ ചുമതല പൊലീസിനെ ഏൽപിച്ച ശ്രീലങ്കൻ മാതൃക ചൂണ്ടിക്കാട്ടിയാണ് പൊലീസിനും കൂടി ചുമതല നൽകാനാകുമോ എന്നത് ആരാഞ്ഞത്. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും കാര്യമായ തുടർനടപടി ഉണ്ടായില്ലെന്നും പൊലീസുമായി ചർച്ച ചെയ്യുമെന്നും അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു.
ദേശീയ പാത നിർമാണത്തിന് മുനിസിപ്പൽ മാലിന്യം ഉപയോഗിക്കുന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റി നിലപാട് അറിയിച്ചില്ല. ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും വിശദീകരണം തേടി. നേരത്തേ ഹരജിയിൽ ദേശീയ പാത അതോറിറ്റിയെ കക്ഷി ചേർത്തിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ദേശീയ പാത അതോറി റീജനൽ മാനേജർ അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ ഓൺലൈനിൽ ഹാജരാകാനും നിർദേശിച്ചു.
എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെയും ഉൾപ്പെടുത്തി മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ ബോധവത്കരണം നടത്തണമെന്ന നിർദേശവും മുന്നോട്ടുവെച്ചു. ഓൺലൈൻ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച് നിർദേശം നൽകണമെന്നും കോടതി പറഞ്ഞു.
15 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് മാലിന്യ ശേഖരണത്തിൽ വീഴ്ച വരുത്തുന്നതെന്നും പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സി.സി ടി.വി കാമറയടക്കം സ്ഥാപിക്കൽ, മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ചെറിയ പാർക്കുകളാക്കി മാറ്റൽ തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ടെന്നും വ്യക്തമാക്കി.
പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണത്തിന് ബൂത്തുകൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് നിർദേശിച്ച കോടതി, ഹരജി ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.