ബി.ജെ.പി താര പ്രചാരകരുടെ പട്ടികയിൽ നിന്ന് അദ്വാനിയും ജോഷിയും പുറത്ത്
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി താര പ്രചാരകരുടെ പട്ടികയിൽ നിന്ന് പാർട്ടി സ്ഥാപക നേതാക്കൾ പുറത്ത ്. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവരെയാണ് പാർട്ടി ഒഴിവാക്കിയത്. ഉത്തർപ്രദേശിലെ രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള 40 അംഗ പട്ടികയാണ് ബി.ജെ.പി നേതൃത്വം പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്, നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ്, ഉമ ഭാരതി, നിർമല സീതാരാമൻ, യോഗി ആദിത്യനാഥ് എന്നിവർ പ്രചാരകരുടെ പട്ടികയിലുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ അദ്വാനിക്ക് ബി.െജ.പി നേതൃത്വം സീറ്റ് നൽകിയിരുന്നില്ല. അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗർ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാക്കാണ് നൽകിയത്.
മുരളി മനോഹർ ജോഷിക്കും ഇത്തവണ പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് സീറ്റായ കാൺപുരിൽ മൽസരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടതില്ല എന്ന സന്ദേശം ബി.ജെ.പി ജനറൽ സെക്രട്ടറി രാംലാൽ മുഖാന്തരം നേതൃത്വം ജോഷിയെ അറിയിച്ചത്.
നേരിട്ട് അറിയിക്കാൻ പോലും മാന്യത കാട്ടാതെ ദൂതൻ വഴി തന്നെ പടിയടച്ചത് അങ്ങേയറ്റം അവഹേളനപരമെന്നാണ് ജോഷി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.