വായ്പ മൊറട്ടോറിയം: അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയാക്കരുതെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവായ ആഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവരുടെ അക്കൗണ്ടുകള്‍ ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി. കോവിഡ് ലോക്ഡൗണ്‍ കാലയളവെന്ന നിലയില്‍ പലിശക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചശേഷം പിഴപ്പലിശ ഈടാക്കാനാവില്ലെന്നും സുപ്രീംകോടതി സുചിപ്പിച്ചു. കേസില്‍ സെപ്റ്റംബര്‍ 10ന് വാദം തുടരുമെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചുപിടിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെയും മൊറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ടും സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാക്കണോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സമ്പദ്ഘടനയുടെ നട്ടെല്ലായ ബാങ്കിങ് മേഖലയെ സംരക്ഷിക്കാനാണ് ലോക്ഡൗണ്‍ കാലത്തെ പലിശ എഴുതിത്തള്ളാതെ തിരിച്ചടക്കാനുള്ള തുകയായി നിലനിര്‍ത്തിയതെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. വായ്പകളുടെ കാലാവധി രണ്ടുവര്‍ഷം വരെ നീട്ടാനും പലിശനിരക്ക് കുറക്കാനും പിഴയിട്ട തുക എഴുതിത്തള്ളാനും ബാങ്കുകള്‍ക്ക് കഴിയുമെന്നും കേന്ദ്രം ന്യായീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.