മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് മേഖലകൾക്ക് വായ്പ
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കാർഷിക വായ്പാ വിഹിതം 20 ലക്ഷം കോടി രൂപ. മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് മേഖല എന്നിവകൂടി ലക്ഷ്യമിട്ടാണ് വായ്പ നൽകുന്നതിനായി മുൻ വർഷത്തേക്കാൾ 11 ശതമാനം അധികം തുക ഉയര്‍ത്തിയിരിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ രണ്ടു ശതമാനം സബ്സിഡി നല്‍കും. കാര്‍ഷിക മേഖലക്ക് ആകെ 1,25,035.79 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ കര്‍ഷക ക്ഷേമത്തിനായി 11,5531.79 ലക്ഷം കോടി രൂപയും കാര്‍ഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി 9,504 കോടി രൂപയും അനുവദിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി പൊതു ഡിജിറ്റല്‍ വേദി ഒരുക്കും.
ഇതിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും സംശയങ്ങള്‍ ചോദിച്ചറിയുന്നതിനും സൗകര്യങ്ങളും ഒരുക്കുമെന്നും നിർമല പറഞ്ഞു. പുഷ്പ കൃഷി വിളകളുടെ ഉത്പാദനം കൂട്ടുന്നതിനായി ഹോര്‍ട്ടി കള്‍ച്ചര്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി ആരംഭിക്കും. അതിനായി 2,200 കോടി രൂപ ബജറ്റിൽ വകയിരുത്തി. ചെറുധാന്യങ്ങളുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ശ്രീ അന്ന പദ്ധതിയും പ്രഖ്യാപിച്ചു.
ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കും. ഹൈദരാബാദിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും. രാജ്യത്ത് കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ വ്യാപകമായി ആരംഭിക്കും.
ചെറുകിട കർഷകർക്കായി സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കും. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവിധ പഞ്ചായത്തുകളില്‍ പ്രാഥമിക ഫിഷറീസ് സംഘങ്ങളും ക്ഷീര സഹകരണ സംഘങ്ങളും രൂപവത്കരിക്കും. ഇതുവരെ ഇത്തരം സംഘങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളെ കണ്ടെത്തിയാണ് പുതിയവ ആരംഭിക്കുക.
രാസവളങ്ങളുടെ ഉപയോഗം കുറക്കുന്നതിനായും ബദല്‍ വളപ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പി.എം പ്രണാം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നബാര്‍ഡ് ലഭ്യമാക്കും.
നെല്ല്, ഗോതമ്പ് കര്‍ഷകര്‍ക്ക് 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലത്ത് മിനിമം താങ്ങുവിലയായി 2.37 ലക്ഷം കോടി രൂപ നേരിട്ട് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഇറക്കുമതി കുറക്കുക എന്ന ലക്ഷ്യത്തോടെ എണ്ണക്കുരു കൃഷികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും. വിള വിലയിരുത്തലിനും ഭൂമി ഡിജിറ്റലൈസേഷനുമായി കിസാന്‍ ഡ്രോണുകള്‍ വിന്യസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.