അയോധ്യയിൽ പള്ളി രാമക്ഷേത്ര ട്രസ്റ്റിന് ‘വിറ്റു’; അനധികൃത ഇടപാടിനെതിരെ പരാതിയുമായി മുസ്‍ലിംകൾ
text_fieldsഅയോധ്യ: യു.പിയിലെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന പ്രദേശത്തിനു സമീപത്തെ ഒരു മുസ്‍ലിം പള്ളി രാമക്ഷേത്ര ട്രസ്റ്റിന് വിൽക്കാൻ പള്ളി കെയർടേക്കർ അനധികൃതമായി കരാറുണ്ടാക്കിയതായി പ്രദേശത്തെ മുസ്‍ലിംകളുടെ പരാതി. അയോധ്യയിലെ മൊഹല്ല പൻജി തോലയിലെ മസ്ജിദ് ബദറിന്റെ ചുമതലയുള്ളയാൾ പള്ളി 30 ലക്ഷം രൂപക്ക് വിൽക്കാൻ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റുമായി കരാറിലെത്തിയെന്നും 15 ലക്ഷം അഡ്വാൻസ് വാങ്ങിയെന്നും വിശ്വാസികൾ ജില്ലാ മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നു.
സെപ്റ്റംബർ ഒന്നിനു നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽ പെട്ടതെന്നും കെയർടേക്കർ മുഹമ്മദ് റയീസിനെതിരെ കേസെടുക്കണമെന്നും കരാർ റദ്ദാക്കണമെന്നും വ്യാഴാഴ്ച നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
പ്രദേശത്തെ വഖഫ് ഭൂമി സംരക്ഷണത്തിനായി വിശ്വാസികൾ രൂപം നൽകിയ അൻജുമൻ മുഹാഫിസ് മസാജിദ് വ മഖാബിർ കമ്മിറ്റിയുടെ അധ്യക്ഷൻ അസം ഖാദ്‍രിയുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. മസ്ജിദ് ബദറിന്റെ വിൽപനയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചുവെന്നും വിഷയത്തിൽ അന്വേഷണം നടത്താൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി രാമജന്മഭൂമി പൊലീസ് സ്റ്റേഷൻ ഓഫിസർ എം.പി ശുക്ലയും അറിയിച്ചു.
യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത് പ്രദേശവാസികൾ സ്ഥിരമായി പ്രാർഥന നടത്തുന്ന പള്ളിയാണിത്. കേന്ദ്ര വഖഫ് ബോർഡ് നിയമവും സുപ്രീംകോടതിയുടെ വിവിധ വിധികളും അനുസരിച്ച് വഖഫ് സ്വത്തുക്കൾ വിൽപന നടത്താനോ കൈമാറാനോ സമ്മാനമായി നൽകാനോ ആർക്കും അവകാശമില്ലെന്ന് യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് അഭിഭാഷകൻ അഫ്താബ് അഹ്മദ് പറഞ്ഞു. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.